മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ വി. പ്രീത തിരഞ്ഞെടുക്കപ്പെട്ടു. മുൻധാരണ പ്രകാരം മുസ്‍ലിംലീഗിലെ കെ.പി. ബുഷ്‌റ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റുസ്ഥാനം വനിതാ സംവരണമാണ്. യു.ഡി.എഫ്. ധാരണപ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം ആദ്യ രണ്ടരവർഷം മുസ്‍ലിം ലീഗിനും ശേഷിക്കുന്ന രണ്ടരവർഷം കോൺഗ്രസിനുമാണ്.
17 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്. -11, എൽ.ഡി.എഫ്. -അഞ്ച്, മറ്റൊരു അംഗം എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ 10 അംഗങ്ങളുടെ വോട്ട് പ്രീതയ്ക്ക് ലഭിച്ചു.
ഒരംഗത്തിന്റെ വോട്ട് അസാധുവായി. പേരെഴുതി ഒപ്പിടാൻ മറന്നുപോയതിനാലാണ് ഈ അംഗത്തിന്റെ വോട്ട് അസാധുവായത്. എൽ.ഡി.എഫ്. സ്ഥാനാർഥിയായി രമ സുകുമാരൻ മത്സരിച്ചു. ഇവർക്ക് അഞ്ച് വോട്ട് ലഭിച്ചു. മറ്റൊരംഗം എത്തിയിരുന്നില്ല. മണ്ണാർക്കാട് ഡി.എഫ്.ഒ. ആർ. ശിവപ്രസാദ് വരണാധികാരിയായി.