ബുദ്ധി"മുട്ട്" ന് പരിഹാരം; വഴിയിടം ഉടൻ തുറക്കും

മണ്ണാര്‍ക്കാട് : മാലിന്യടാങ്കുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്ന മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡിലെ വഴിയിടം പൊതുശൗചാലയം തുറക്കാന്‍ നടപടിയാകുന്നു. ന്യൂ അല്‍മ ആശുപത്രിയിലെ അത്യാധുനിക മലിനജല സംസ്‌കരണ പ്ലാന്റില്‍ മലിനജലം സംസ്‌കരിക്കാനാണ് വഴിതെളിഞ്ഞിരിക്കുന്നത്. ഒന്നര ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് ന്യൂ അല്‍മ ആശുപത്രിയിലെ സംസ്‌കരണ പ്ലാന്റ്. ഒരു മാസക്കാലത്തോളമായി പ്ലാന്റിന്റെ പ്രവര്‍ത്തനം നടന്നുവരുന്ന വിവരം അറിഞ്ഞാണ് നഗരസഭാ അധികൃതര്‍ ആശുപത്രിയുടെ  സഹകരണം തേടിയത്. സൗജന്യമായി മലിനജലം സംസ്‌കരിക്കാന്‍ സൗകര്യമൊരുക്കാമെന്ന് ആശുപത്രി അധികൃതര്‍ നഗരസഭാ അധികൃതരെ അറിയിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയില്‍ ബസ് സ്റ്റാന്റിലെ ശൗചാലയ കെട്ടിടത്തിലെ ടാങ്കുകളില്‍ നിന്നും മലിന ജലം ആശുപത്രിയിലെ പ്ലാന്റിലേക്ക് സംസ്‌കരിക്കുന്നതിനായി മാറ്റും. ഇതിന് ശേഷം ഉടന്‍ തന്നെ ശൗചാലയം യാത്രക്കാര്‍ക്ക് തുറന്ന് നല്‍കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. മാലിന്യം സംസ്‌കരിക്കുന്നതിനായി വയനാട് ജില്ലയിലെ കല്‍പ്പറ്റ നഗരസഭയുടെ അധീനതയിലുള്ള ആധുനിക പ്ലാന്റിലേക്ക്  കൊണ്ട് പോകാനായിരുന്നു പദ്ധതി. ആദ്യഘട്ടത്തില്‍ മലിനജല സംസ്‌കരണത്തിന് ന്യൂഅല്‍മ ആശുപത്രിയില്‍ സൗകര്യം ലഭ്യമായതിനാല്‍ കക്കൂസ് മാലിന്യം പിന്നീട് കല്‍പ്പറ്റയിലുള്ള പ്ലാന്റിലേക്ക് എത്തിക്കാനാണ് നീക്കം. ഇക്കഴിഞ്ഞ 11നാണ് നഗരസഭാ ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പു  കേന്ദ്രത്തിലുള്ള പൊതുശൗചാലയം അറ്റകുറ്റപണിക്കായി അടച്ചത്. പ്രതിദിനം നൂറ്കണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന സ്റ്റാന്‍ഡിലെ ശൗചാലയം അടച്ചത് ദുരിതമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് ഏറെ വലയുന്നത്. പലരും ഹോട്ടലുകളുടെയും കെട്ടിടങ്ങളിലുള്ള ശൗചാലയങ്ങളിലെയാണ് പ്രാഥമികകൃത്യങ്ങള്‍ നിറവേറ്റാന്‍ ആശ്രയിക്കുന്നത്. കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് നഗരസഭാ പരിധിയില്‍ സംവിധാനമില്ലാത്തതാണ് പ്രതിസന്ധിയായത്. പുതിയ ഒരു ടാങ്ക് നിര്‍മിക്കാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്.
Previous Post Next Post

نموذج الاتصال