വെട്ടിലായോ സുധാകരൻ? അധ്യക്ഷ സ്ഥാനം തിരികെ കിട്ടിയില്ല

തിരുവനന്തപുരം:  വോട്ടെടുപ്പിന് പിന്നാലെ കെ പി സി സി അവലോകന യോഗത്തിന് ശേഷം സുധാകരൻ വീണ്ടും പാർട്ടി അധ്യക്ഷനായി വരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല എംഎം ഹസ്സനോട് തുടരാൻ സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിർദ്ദേശിക്കുകയും ചെയ്തു. ഫലം വരുന്നത് വരെയാണ് താത്കാലിക ചുമതലയെന്നാണ് ദീപാ ദാസ് പറയുന്നത്. കേരളത്തിൽ പോളിംഗ് തീർന്ന സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം തിരികെ നൽകാൻ  ഫലം വരുന്നത് വരെ എന്തിന് കാത്തിരിക്കണമെന്നാണ് സുധാകരൻറെ സംശയം. തീരുമാനം നീളുന്നത് സുധാകരനെ മാറ്റാനുള്ള അവസരമാക്കാനും സംസ്ഥാനത്തെ ഒരു വിഭാഗ നേതാക്കൾ ശ്രമിക്കുന്നുണ്ട്.

അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടാൻ വൈകുന്നതിലുള്ള നീരസം സുധാകരൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചു. തീരുമാനം വൈകുന്നത് അനാവശ്യ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നാണ് സുധാകരന്റെ വാദം.

ഇക്കാര്യത്തിൽ എഐസിസി വൈകാതെ തീരുമാനമെടുക്കുമെന്ന് കെ സി വേണുഗോപാൽ സുധാകരനെ അറിയിച്ചു. എന്നാൽ താൽക്കാലിക സംവിധാനം മാറ്റാൻ കാലതാമസം എന്തിനെന്നാണ് സുധാകരൻ ചോദിക്കുന്നത്. ഇടങ്കോലിടാൻ ചിലർ ശ്രമിക്കുന്നതായുള്ള സംശയം സുധാകരൻ വിശ്വസ്തരോട് പങ്കുവെക്കുന്നുമുണ്ട്.

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ സാഹചര്യത്തിലാണ് താത്കാലിക ക്രമീകരണമെന്ന നിലയ്ക്ക് എം എം ഹസ്സനെ ആക്ടിങ് പ്രസിഡന്‍റായി ചുമതല ഏൽപ്പിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തിരിച്ചുവരാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സുധാകരനെ വെട്ടാൻ കാത്തിരുന്നവർ ഇത് അവസരമാക്കുന്നുണ്ടെന്നാണ് വിവരം.

പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പല പ്രസ്താവനകളും ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ സുധാകരനെ മാറ്റണം എന്ന വികാരമാണ് പലർക്കുമുള്ളത്. അതിനൊരു അവസരമായി മറ്റുള്ളവർ ഇത് നോക്കിക്കാണുകയും ചെയ്യുന്നുണ്ട്. അതുതിരിച്ചറിഞ്ഞാണ് വൈകാതെ ചുമതലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് സുധാകരൻ ആവശ്യപ്പെടുന്നത്. എന്നാൽ പല നേതാക്കളും ഹസ്സൻ തുടരട്ടെ എന്ന അഭിപ്രായക്കാരാണ്.
Previous Post Next Post

نموذج الاتصال