വോട്ടെണ്ണലിന് ഇനി ഒരാഴ്ച മാത്രം, മുന്നണികളുടെ പ്രതീക്ഷകൾ ഇങ്ങനെ; അടിയൊഴുക്കുകൾ നിർണായകമാവും

തിരുവനന്തപുരം: വോട്ടെണ്ണലിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ വൻ പ്രതീക്ഷയിലും ഉള്ളിൽ ആശങ്കയിലുമാണ് സംസ്ഥാനത്തെ മൂന്ന് മുന്നണികളും. കണക്കുകളിൽ എല്ലാം ഭദ്രമെന്ന് അവകാശപ്പെടുമ്പോഴും അടിയൊഴുക്കിലാണ് പേടി. ഫലം മുന്നണികൾക്കെല്ലാം ഏറെ നിർണ്ണായകവും.

വോട്ട് പെട്ടിയിലായിട്ട് ഒരു മാസത്തിലേറെയായി. ഫലം വരാൻ സമയമുണ്ടല്ലോ എന്ന് കരുതി ആളുകൾ തെരഞ്ഞെടുപ്പ് തന്നെ മറന്നോ എന്നുവരെ സംശയമുണ്ട്. ഇനിയാണ് നെഞ്ചിടിപ്പിന്റെ നാളുകൾ. കൂട്ടലും കിഴിക്കലുമെക്കെ തീരുകയാണ്. ആ വലിയ ഫലം വരാൻ ഇനി ഒരാഴ്ച മാത്രം. 

 തുടക്കം മുതൽ ഇപ്പോഴും യുഡിഎഫ് ആവർത്തിക്കുന്നത് ഫുൾ സീറ്റ് വിജയമാണ്. എന്നാൽ പുറത്ത് അങ്ങനെ പറയുമ്പോഴും അഞ്ചിലേറെ സീറ്റിൽ നല്ല പോരാട്ടം നടന്നുവെന്ന് മുന്നണി സമ്മതിക്കുന്നു. എവിടെയെങ്കിലും പിഴച്ചാലും 17ൽ ഒരു കാരണവശാലും കുറയില്ലെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണവും സംസ്ഥാന സർക്കാറിനെതിരായ ജനവിരുദ്ധ വികാരത്തിലുമാണ് മുഴുവൻ പ്രതീക്ഷയും. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ വിഭജിച്ചു പോയാൽ കണക്കുകൾ തെറ്റുമെന്ന ആശങ്കയും യുഡിഎഫ് ക്യാമ്പിലുണ്ട്.  

മോശം സ്ഥിതിയെ മികച്ച പ്രവർത്തനം കൊണ്ട് മറികടക്കാനായെന്നാണ് ഇടതുപക്ഷത്തെ പ്രതീക്ഷ.കഴിഞ്ഞ തവണത്തെ പോലെ ഫലം ഏകപക്ഷീയമായി മാറില്ല, പത്തിലെറെ സീറ്റുകളിൽ നല്ല പോരാട്ടം കാഴ്ച വെക്കാനായെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭരണവിരുദ്ധ വികാരമില്ലെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടൽ. ആരോപണങ്ങളെ സംഘടനാശേഷി വഴി മറികടക്കാനായി. 2019ലെ സ്ഥിതി മാറി ന്യൂനപക്ഷവോട്ടുകൾ ഇത്തവണ തങ്ങൾക്കൊപ്പമെന്നാണ് പ്രതീക്ഷ. പക്ഷേ കണക്ക് തെറ്റിച്ച് ഭരണവിരുദ്ധവികാരം പ്രതിഫലിച്ചാൽ എന്താകുമെന്ന ആശങ്ക പക്ഷേ മുന്നണിക്കുണ്ട്.

കേന്ദ്രമന്ത്രിമാരെ വരെ സ്ഥാനാർത്ഥികളാക്കിയായിരുന്നു ഇത്തവണ ബിജെപിയുടെ പോരാട്ടം. പലവട്ടം പറന്നെത്തിയ മോദിയിലാണ് സകല പ്രതീക്ഷകളും. മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ വോട്ടാകുമെന്നാണ് പാർട്ടിയുടെ വിശ്വാസം. ഡബിൾ ഡിജിറ്റ് സീറ്റ് പറയുന്നില്ലെങ്കിലും മൂന്നെണ്ണമാണ് അവസാന കണക്കിൽ. തിരുവനന്തപുരവും തൃശൂരും പിന്നെ ആറ്റിങ്ങലും ഈ മൂന്ന് സീറ്റുകൾ ഉറപ്പിക്കുന്നുണ്ട് ബിജെപി.  രാഹുൽ ഫാക്ടറും ഇന്ത്യാസഖ്യവുമൊന്നും ഏശില്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ

Previous Post Next Post

نموذج الاتصال