മണ്ണാർക്കാട്: പുഷ്അപ്പിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി നാടിന് അഭിമാനമായി മുഹമ്മദ് ഷാബിർ. പുഷ്അപ്പ് ഇനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ള ഇനങ്ങളിൽ ഒന്നായ ഒരു മിനിറ്റിൽ 49 തവണ Back of Hand Clap Push Up (കൈകളുടെ പിൻഭാഗം ഉപയോഗിച്ച് പുഷ് അപ്പ് ചെയ്ത് ക്ലാപ് ചെയ്യുക) ചെയ്താണ് ഗിന്നസ്ബുക്കിൽ ഇടം നേടിയത്. നിരവധി റെക്കോർഡുകളുടെ ഉടമയായ ഈജിപ്റ്റ് സ്വദേശി അയ്യൂബ്ഖാന്റെ ഒരു മിനുട്ടിൽ 45 എന്ന റെക്കോർഡ് ആണ് മുഹമ്മദ് ഷാബിർ 49 ആയി തിരുത്തിക്കുറിച്ചത്.
തച്ചമ്പാറ മച്ചാംതോട് പങ്കംവളപ്പിൽ വീട്ടിൽ മുഹമ്മദ് ഷാബിർ സ്വന്തമായി ചിട്ടപ്പെടുത്തിയ പരിശീലനത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു റെക്കോർഡിലേക്കുള്ള വീഡിയോചിത്രീകരണം.
ഗിന്നസിൽ ഇടം നേടിയ കാഞ്ഞിരം സ്വദേശി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് വീഡിയോ ചിത്രീകരിച്ചത്. പതിനഞ്ച് വയസ്സുമുതൽ മുടങ്ങാതെ ജിമ്മിൽ പോകുന്ന ഷാബിറിന് ബോഡിബിൽഡിംഗ് ചെയ്യാനായിരുന്നു താല്പര്യം, പക്ഷേ സാമ്പത്തിക ചിലവുള്ള മേഖലയായതിനാൽ ആ ഉദ്യമത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. നാല് വർഷമായി ഗിന്നസ്ബുക്കിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെ വീട്ടിൽ തന്നെയായിരുന്നു ഷാബിറിന്റെ പരിശീലനം.
ഇതിലൂടെ യുവ തലമുറയോട് ലഹരിയോട് നോ പറയൂ, ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശവും ഷാബിർ നൽകുന്നു. കൂടുതൽ മികച്ച നേട്ടങ്ങൾക്ക് വേണ്ടിയുള്ള കഠിന പരിശ്രമത്തിലാണ് ഷാബിർ