മണ്ണാർക്കാട്: രക്ഷാപ്രവർത്തകൻ ഷമീർ കരിമ്പ (42) നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ഇന്ന് പുലാപ്പറ്റ ഭാഗത്ത് മരം മുറിച്ച് കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഉടനെ കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിക്കുകയും, അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി പാലക്കാട്ടേക്ക് കൊണ്ടു പോകവേയായിരുന്നു അന്ത്യം. നാട്ടിൽ എവിടെ അപകടം സംഭവിച്ചാലും ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്ന ഷമീർ കരിമ്പയുടെ വേർപാട് തീരാ നഷ്ടമാണ്.
ഷമീർകരിമ്പയുടെ ജീവിതം കഠിനാദ്ധ്വാനത്തിന്റെ ചരിത്രമാണ്. ഇന്ത്യൻ ആർമി, കേരള പോലീസ്, ഫയർ ആൻറ് റെസ്ക്യു, വനം വകുപ്പ് തുടങ്ങിയ സേനക്കൊപ്പം നിരവധി രക്ഷാപ്രവർത്തനങ്ങളിലും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്
കാശ്മീരിൽ അക്രൂട്ട് മരങ്ങളിലെ വിളവെടുപ്പ് സമയം മരം കയറി ഇറങ്ങുമ്പോൾ ഉണ്ടാകുന്ന നിരന്തര അപകട മരണങ്ങൾ ഇല്ലാതാക്കാൻ കർഷകർക്കും വിളവെടുപ്പ്കാർക്കും അപകടരഹിത മരം കയറ്റം പരിശീലിപ്പിക്കാൻ കാശ്മീരിലും അദ്ധേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.
മരം കയറ്റത്തിനും കിണറിലിറങ്ങിയുള്ള രക്ഷാപ്രവർത്തനത്തിനും ഷമീർ തന്നെ രൂപകൽപന ചെയ്ത കരിമ്പ കൊളുത്ത് പ്രശസ്തമാണ്.