മണ്ണാർക്കാട്: ഏത് വാഹനാപകടമുണ്ടായാലും മറ്റ് ദുരന്തങ്ങളുണ്ടായാലും ഒരു നാട് മുഴുവൻ ആദ്യം വിളിക്കുന്നത് ഷമീറിനെയാണ്. തന്റെ ജീപ്പിനെ ആംബുലൻസ് ആക്കിയും ക്രയിൻ ആക്കിയുമെല്ലാം ഷമീർ ഓടിയെത്തുമെന്ന് അവർക്കുറപ്പായിരുന്നു.
ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും ഭയമില്ലാതെ എത്തുന്ന ആളായിരുന്നു കരിമ്പ ഷമീര്‍. സാഹസികതയുള്ള എന്ത് സഹായം ആവശ്യപ്പെട്ടാലും ഷമീര്‍ മടികൂടാതെ എത്തും. നിരവധി പേരുടെ ജീവന്‍ ഇദ്ദേഹം രക്ഷിച്ചിട്ടുണ്ട്.
വലിയ കെട്ടിടങ്ങളിലേക്കും ആഴമുള്ള കിണറുകളിലേക്കും ലളിതമായി ഇറങ്ങുന്നതിനും കയറുന്നതിനും ഷമീർ വികസിപ്പിച്ചെടുത്ത കരിമ്പ കൊളുത്ത് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഷമീറിന്റെ ഓരോ സാഹസിക പ്രവർത്തിയും അനേകം മനുഷ്യരുടെ കണ്ണീരോപ്പി. ഒടുവിൽ തികച്ചും അപ്രതീക്ഷിതമായി എല്ലാവരെയും കണ്ണീരിലാഴ്ത്തിയാണ് ഷമീറിന്റെ വിടവാങ്ങൽ.പൊതുദർശനം നാളെ രാവിലെ 10 മണിക്ക് കരിമ്പ പള്ളിപ്പടി മദ്രസ ഗ്രൗണ്ടിൽ, തുടർന്ന് മയ്യിത്ത് നിസ്ക്കാരം. കരിമ്പ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഖബറടക്കം