പാലക്കാട്: ഉഷ്ണതരംഗത്തിന്റെയും കനത്ത ചൂടിന്റെയും ഭീതിയിൽനിന്ന് പാലക്കാട് പട്ടണത്തിലുൾപ്പെടെ അല്പം ആശ്വാസം. തുടർച്ചയായി ആഴ്ചകളോളം 40 ഡിഗ്രി സെൽഷ്യസിന് മുകളിലുണ്ടായിരുന്ന ചൂട് ഞായറാഴ്ച 34 ഡിഗ്രിയായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ പല ഭാഗത്തും മഴ ലഭിച്ചതാണ് ആശ്വാസമായത്. തടയണകളിലെ ജലക്ഷാമത്തിനും നേരിയ മാറ്റമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മണ്ണാർക്കാട് താലൂക്കിൽ മഴ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. കൂടാതെ ഒറ്റപ്പാലം, പാലക്കാട് തുടങ്ങിയ മേഖലകളിലും ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ഇതോടെ വരണ്ടുകിടക്കുന്ന നെൽപ്പാടങ്ങളിൽ നനവെത്തി. പകലുള്ള ചൂടിന്റെ കാഠിന്യം താരതമ്യേന കുറഞ്ഞു. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ കനാലുകളും അഴുക്കുചാലുകളും വൃത്തിയാക്കാനൊരുങ്ങുകയാണ് തദ്ദേസ്ഥാപനങ്ങൾ