പാലക്കാട് : ഉത്തരാഖണ്ഡിലെ സഹസ്ത്രടാല്‍ തടാകം മേഖലയില്‍ ചൊവ്വാഴ്ച രാത്രി മോശം കാലാവസ്ഥയെതുടര്‍ന്ന് അപകടത്തില്‍പെട്ട ട്രെക്കിംഗ് സംഘത്തിലെ രണ്ടു മലയാളികളുടെ മരണം സ്ഥിരീകരിച്ചു. ആകെ ഒൻപതുപേരാണ് മരിച്ചത്.
ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍ (71), പാലക്കാട് ചെര്‍പ്പുളശേരി സെക്രട്ടറിപ്പടി സ്വദേശി വി.കെ. ചന്ദ്രൻ - സരസ്വതി ദമ്പതികളുടെ മകള്‍ സിന്ധു (45) എന്നിവരുടേതടക്കം അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തി. നാലുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. കര്‍ണാടക മൗണ്ടനിയറിംഗ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ട്രെക്കിംഗിനു പോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. മരിച്ച സിന്ധു ഡെല്ലില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ്. ആശ സുധാകര്‍ എസ്ബിഐ റിട്ട. സീനിയര്‍ മാനേജരാണ്. സിന്ധുവിന്‍റെ ഭര്‍ത്താവ്: വിനോദ്. മക്കള്‍: നീല്‍ നായര്‍, നാഷ് നായര്‍. സംസ്കാരം ബംഗളൂരുവില്‍ നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.