സുരേഷ് ഗോപി കാബിനറ്റ് പദവിയില്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്. കേരളത്തില്‍നിന്ന് കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ ബി.ജെ.പി. നേതാവാകും സുരേഷ്ഗോപി. രാജ്നാഥ് സിങ്ങും എസ്.ജയശങ്കറും അടക്കം മുന്‍ മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും ഇക്കുറിയും ഇടംപിടിക്കും. ബി.ജെ.പി ദേശീയ അധ്യക്ഷനായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വിദിശ എം.പിയുമായ ശിവ്‍രാജ് സിങ് ചൗഹാനും അമിത് ഷായും പരിഗണനയിലുണ്ട്. അമിത് ഷാ മന്ത്രിസഭയില്‍ തുടര്‍ന്നാല്‍ സ്പീക്കര്‍ പദവി ടി.ഡി.പിക്ക് നല്‍കിയേക്കും. മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കും. ശനിയാഴ്ച്ചയാകും സത്യപ്രതിജ്ഞ എന്ന വിവരങ്ങളായിരുന്നു നേരത്തേ ലഭിച്ചിരുന്നത്.
നരേന്ദ്ര മോദിയെ എന്‍.ഡി.എ. ലോക്സഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളിലെ യോഗത്തില്‍ രാജ്നാഥ് സിങ്ങാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. ഭരണഘടനയെ വണങ്ങിയാണ് മോദി സെന്‍ട്രല്‍ ഹാളിലെത്തിയത്. എന്‍.ഡി.എ സഖ്യത്തിന്‍റേത് ഉലയാത്ത ബന്ധമെന്നും സര്‍ക്കാര്‍ എന്‍.ഡി.എ സര്‍ക്കാരാണെന്ന് ഊന്നിപ്പറഞ്ഞും നരേന്ദ്ര മോദി. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് മാരത്തൺ ചർച്ചകളാണ് ന്യൂഡൽഹിയിൽ പുരോഗമിക്കുന്നത്. മുതിർന്നനേതാക്കളായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവർ ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ യോഗംചേർന്നിരുന്നു. ഘടകകക്ഷികളുമായി ചർച്ചകൾ നടത്താൻ നരേന്ദ്രമോദി ഈ നേതാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞയ്ക്ക് വേദിയൊരുങ്ങുമ്പോഴും എൻ.ഡി.എ.ക്കുള്ളിൽ വിലപേശൽ തുടരുകയാണ്. നിരുപാധിക പിന്തുണയാണെന്ന് പറയുമ്പോഴും പ്രധാനഘടകകക്ഷികളായ ടി.ഡി.പി.യും ജെ.ഡി.യു.വും ഉന്നയിക്കുന്ന ആവശ്യങ്ങൾ ബി.ജെ.പി.ക്ക് പൂർണമായി സ്വീകാര്യമല്ല. എന്നാൽ, സ്ഥാനമാനങ്ങൾ തമ്മിൽ തർക്കങ്ങളില്ലെന്ന് ഘടകകക്ഷി നേതാക്കൾ ആവർത്തിക്കുന്നുണ്ട്.
നരേന്ദ്ര മോദി ഞായറാഴ്ച വൈകിട്ട് ആറിന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യമറിയിച്ചത്. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ എന്‍.ഡി.എയ്ക്ക് 293 അംഗങ്ങളാണുള്ളത്. എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ യോഗം തെരഞ്ഞെടുത്തു