പുള്ളിപ്പുലിയെ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് ഷോളയൂർ വട്ടലക്കി പുളിയപ്പതിയിലുള്ള കൃഷിയിടത്തിൽ പ്രദേശവാസികൾ പുലിയെ കണ്ടത്. ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
അഞ്ചു വയസ് പ്രായം മതിക്കുന്ന പുലിയെ അഗളി ആർ ആർ ടി വലയിലാക്കി മുക്കാലി ഫോറസ്റ്റ് ഐബിക്ക് സമീപം എത്തിച്ച് കൂട്ടിലടച്ചു. പുലിയുടെ തലയിലും ശരീരത്തിൻ്റെ പലഭാഗങ്ങളിലും മുറിവുകളുണ്ട്. പുലികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാകാം പരിക്കേറ്റതെന്നാണ് വനപാലകരുടെ നിഗമനം. പുലിയെ വലയിലാക്കുന്നതിനിടെ അഗളി ആർ ആർ ടി അംഗം ഭരതന്റെ കൈപ്പത്തിക്ക് മുറിവേറ്റു. ഇദ്ദേഹം കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടി. അഗളി വെറ്ററിനറി സർജൻ ഡോ. ഷാജി, വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം എന്നിവരെത്തി പുലിയെ പരിശോധിച്ചു.