ഷോളയൂർ: വനംവകുപ്പിന്റെ ദ്രുത പ്രതികരണ സംഘത്തിന്റെ വാഹനം കാട്ടാന തകർത്തു. ഞായറാഴ്ച പുലർച്ചെ നാലുമണിക്കാണ് സംഭവം. ഗോഞ്ചിയൂരിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. ആന ഇവരുടെ വാഹനത്തിനുനേരെ പാഞ്ഞടുത്തു. വാഹനം 200 മീറ്ററോളം പിറകോട്ടെടുത്താണ് വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത്. വീണ്ടും കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആന പാഞ്ഞുവന്ന് ജീപ്പ് കൊമ്പിൽ കോർത്ത് മറിക്കുകയായിരുന്നു. ദ്രുത പ്രതികരണ സംഘത്തിലെ എട്ട് പേരാണ് ജീപ്പിലുണ്ടായിരുന്നത്. തലനാരിഴക്കാണ് ദ്രുത പ്രതികരണസംഘത്തിലെ ജീവനക്കാർ രക്ഷപ്പെട്ടത്. പിന്നീട് പടക്കം പൊട്ടിച്ച് കാട്ടാനയെ തുരത്തിയശേഷം മറ്റൊരു വാഹനത്തിലാണ് ഇവർ ഓഫീസിലെത്തിയത്.