സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച് കാറിന് തീയിട്ടയാൾ അറസ്റ്റിൽ

ഒറ്റപ്പാലം: നെല്ലിക്കുറുശ്ശിയിൽ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച് കാറിന് തീയിട്ടയാൾ അറസ്റ്റിൽ. നെല്ലിക്കുറുശ്ശി ചക്കിങ്ങൽ സെയ്തലവിയെയാണ് (31) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ ചുനങ്ങാട് ചെപ്പലത്തോട്ടിൽ പ്രമോദിന്റെ (34) കാറാണ് കത്തിച്ചത്. പിന്നാലെയായിരുന്നു പ്രമോദിനുനേരെ ആക്രമണം.കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. നെല്ലിക്കുറുശ്ശി പാലാംകുന്നിൽവെച്ച് മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

തർക്കത്തിനിടെ കാർ കത്തിക്കുകയും പ്രമോദിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ആയിരുന്നു. കൈയ്ക്ക് പരിക്കേറ്റ പ്രമോദിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കുനേരെയുള്ള ആക്രമണം ചെറുക്കുന്നതിനിടെയാണ് പ്രമോദിന്റെ കൈയ്ക്ക്‌ പരിക്കേറ്റതെന്നു പോലീസ് അറിയിച്ചു. കാർ പൂർണമായും കത്തിനശിച്ചു. ബുധനാഴ്ചയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് സെയ്തലവിക്കെതിരേ കേസെടുത്തിട്ടുള്ളത്

Previous Post Next Post

نموذج الاتصال