മണ്ണാർക്കാട് : വെല്ലുവിളിനിറഞ്ഞതാണ് അട്ടപ്പാടി ചുരത്തിലൂടെയുള്ള മഴക്കാല വാഹനയാത്ര. ചുരത്തിന്റെ ചില ഭാഗത്ത് അഗാധമായ താഴ്ചയാണ്. ഇതിൽ ഏഴാംവളവിന് സമീപം റോഡ് ഇടുങ്ങിയതാണ്. ഒരേസമയം ഒരു വലിയ വാഹനത്തിനു മാത്രമേ കടന്നുപോകാൻ സാധിക്കൂ. ചിലയിടങ്ങളിൽ മരങ്ങളുടെ ശിഖരങ്ങൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്.
മഴക്കാലത്ത് മണ്ണിടിച്ചിലും മരംവീഴുന്നതും ചുരംയാത്രയ്ക്ക് വെല്ലുവിളിയാണ്. റോഡരികിലുള്ള ഉണങ്ങിയ വലിയ മരങ്ങളാണ് പലപ്പോഴും റോഡിനു കുറുകെ വീഴുന്നത്. ഒമ്പതാംവളവിനടുത്തായി ഇത്തരം മരങ്ങൾ അധികമായുണ്ട്. യാത്രക്കാർക്ക് ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചുമാറ്റുകയോ കൊമ്പുകൾ വെട്ടി ഒഴിവാക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മഴസമയങ്ങളിൽ കോടമഞ്ഞിറങ്ങുന്നതും ചുരംറോഡിലെ പതിവുകാഴ്ചയാണ്. ഡ്രൈവർമാർക്ക് റോഡ് വ്യക്തമായി കാണാനാകില്ല.
ചുരത്തിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാൻ റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്നും കൊക്കകളുള്ള ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.