ഒറ്റപ്പാലം: അമ്പലപ്പാറയിൽ യുവാവിനെ കാറിലെത്തിയ സംഘം കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ദുരൂഹമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ കാരണം കണ്ടെത്താനും ഒറ്റപ്പാലം പോലീസ് ശ്രമം തുടങ്ങി. അമ്പലപ്പാറ പുളിയങ്കാവ് റോഡ് പൊട്ടച്ചിറ സന്തോഷ്‌കുമാറിനെ (43) വെള്ള സ്കോർപ്പിയോ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണ് കേസ്.
സ്ഥലത്ത് നടത്തിയ പരിശോധനയിൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തെയും പ്രതികളെയും കണ്ടെത്താനുള്ള അന്വേഷണമാണ് വ്യാപിപ്പിച്ചിട്ടുള്ളത്. പരാതിനൽകിയ സന്തോഷിന്റെ വിശദമായ മൊഴിയെടുത്തെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.45ഓടെ സന്തോഷ്‌കുമാർ വീട്ടിൽനിന്ന് തിരുണ്ടക്കലിലെ തന്റെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വണ്ടി റോഡിന് കുറുകെയിട്ട് സ്കൂട്ടർതടഞ്ഞ് ബലമായി പിടിച്ചുകയറ്റാൻ ശ്രമിക്കയായിരുന്നു. കൈയിലും മുഖത്തും മർദിച്ച് തള്ളിക്കയറ്റാൻ ശ്രമിച്ചെങ്കിലും സന്തോഷ് നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. തുടർന്ന് കാർ അതിവേഗം തിരിച്ച് വേങ്ങശ്ശേരി റോഡിലൂടെ ഒറ്റപ്പാലം ഭാഗത്തേക്ക് ഓടിച്ചുപോയി. കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നതായാണ് സന്തോഷ് മൊഴി നൽകിയിട്ടുള്ളത്. നിരീക്ഷണ ക്യാമറയിലെ കാറിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും രജിസ്ട്രേഷൻനമ്പർ വ്യക്തമായി കാണാൻ കഴിയാത്തത് പ്രതിസന്ധിയാകുന്നുണ്ട്.