മണ്ണാർക്കാട്: ബുധനാഴ്ച നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർസെക്കൻഡറി സ്ക്കൂളിലെത്തുന്ന വിദ്യാർഥികളുടേയും അധ്യാപകരുടേയും അനധ്യാപകരുടേയുമെല്ലാം വസ്ത്രങ്ങൾ ചുളിഞ്ഞിരുന്നാൽ അത്ഭുതപ്പെടേണ്ട. ആഴ്ചയിൽ ഒരു ദിവസം ഇസ്തിരിപ്പെട്ടിക്ക് അവധികൊടുക്കാനൊരുങ്ങുകയാണ് അവർ. വൈദ്യുതി ഉപയോഗം കുറയ്ക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് നെല്ലിപ്പുഴ ഡിഎച്ച്എസ്എസ് തുടക്കം കുറിക്കുന്നത്. ഇതിന് അവർ നൽകിയ പേര് ‘ബുധൻ തേപ്പുവേണ്ട’ എന്നാണ്.
സ്കൂളിലെ സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അധ്യയനവർഷം മുഴുവൻ നീളുന്ന ‘ഊർജസംരക്ഷണയജ്ഞം’ എന്ന പദ്ധതി തുടങ്ങിയിട്ടുള്ളത്. ഇതിലെ ആദ്യ പദ്ധതിയാണ് ‘ബുധൻ തേപ്പുവേണ്ട’ എന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച വസ്ത്രങ്ങൾ ഇസ്തിരിയിടുന്നത് ഒഴിവാക്കും. സ്കൂളിലെ 3,850 വിദ്യാർഥികൾ, അധ്യാപകരും അനധ്യാപകരുമായുള്ള 150 പേർ എന്നിവരുൾപ്പെടെ 4,000 പേരാണ് ഇതിൽ ഭാഗമാകുന്നത്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ കണക്കുപ്രകാരം 4,000 പേർ ഒരുദിവസം 15 മിനിട്ട് വൈദ്യുത തേപ്പുപെട്ടി ഉപയോഗിക്കുന്നത് ഒഴിവാക്കുമ്പോൾ 1,500 യൂണിറ്റ് വൈദ്യുതി ലാഭിക്കാൻ കഴിയും.
വൈദ്യുതിബിൽ 10 ശതമാനം കുറയ്ക്കാനും കഴിയും. ഉപയോഗം കുറയ്ക്കുന്നതു മൂലമുണ്ടാകുന്ന വൈദ്യുതിബില്ലിലെ കുറവ് രേഖപ്പെടുത്താൻ കുട്ടികൾക്ക് കൈപ്പുസ്തകം നൽകുന്നുണ്ട്. ഏറ്റവും കുറവ് ബില്ല് വരുന്ന കുട്ടിക്ക് കെ.എസ്.ഇ.ബി. പ്രോത്സാഹനസമ്മാനങ്ങളും നൽകും.