മണ്ണാർക്കാട്: വസ്തുവിന്റെ സർവേ നമ്പർ ശരിയാക്കി നൽകുന്നതിന് കൈക്കൂലി കൈപ്പറ്റിയ കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി. സി.എം. ദേവദാസ് പറഞ്ഞു. ഓഫീസ് കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി. സി.എം. ദേവദാസ് പറഞ്ഞു. താലൂക്കിലെ റവന്യൂവകുപ്പിൽ ഒരു വർഷത്തിനിടെ രണ്ടാമത്തെ കൈക്കൂലി കേസാണ് കഴിഞ്ഞ ദിവസമുണ്ടായത്.
കൈക്കൂലി വാങ്ങി നൽകുന്ന സഹായികളുണ്ടോ, ഓഫീസിൽ മറ്റാരെങ്കിലും പങ്കുപറ്റുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. മണ്ണാർക്കാട് താലൂക്ക് ഓഫീസിലെ സർവേയറായ രാമദാസിനെ തിങ്കളാഴ്ചയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് പിടികൂടിയത്. വസ്തുവിന്റെ സർവേനമ്പർ ശരിയാക്കിക്കിട്ടുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കാനാണ് ആനമൂളി സ്വദേശിയിൽനിന്നും കൈക്കൂലി വാങ്ങിയത്.
നാൽപ്പതിനായിരംരൂപ കൈക്കൂലിവാങ്ങുന്നത് വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ താലൂക്ക് സർവേയർ പി.സി. രാമദാസിനെ തൃശ്ശൂർ വിജിലൻസ് കോടതി ഈമാസം 18 വരെ റിമാൻഡ് ചെയ്തു. 2016 ലും സമാനമായ കേസിൽ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രാമദാസ് അറസ്റ്റിലായിട്ടുണ്ട്. ഈ കേസ് തൃശ്ശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണയിലാണ്.
2023 മേയ് മാസത്തിൽ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന വി. സുരേഷ്‌കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ വിജിലൻസ് കുറ്റപത്രം തയ്യാറാക്കുകയാണ്.