നരേന്ദ്ര മോദി 3.0; സത്യപ്രതിജ്ഞ ശനിയാഴ്ച

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ജൂൺ എട്ടിന് നടക്കുമെന്ന് റിപ്പോർട്ട്. എൻ.ഡി.എ സഖ്യത്തിന് 292 സീറ്റുകൾ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് ബി.ജെ.പി തുടക്കമിട്ടത്. പ്രധാനമ​ന്ത്രിയായി നരേന്ദ്ര മോദി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്താൽ ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നേതാവാകും മോദി.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബുധനാഴ്ച മോദി കേന്ദ്രമന്ത്രിസഭ യോഗം വിളിച്ചിരുന്നു. യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലവും അടുത്ത സർക്കാറിന്റെ രൂപീകരണവും ചർച്ചയായെന്നാണ് സൂചന. ജൂൺ 16ന് കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ ലോക്സഭ പിരിച്ചുവിടാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.

അതേസമയം, എൻ.ഡി.എയിലെ പ്രധാന പാർട്ടികളുടെ നേതാക്കൾ ഇന്ന് ഡൽഹിയിലെത്തുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് എൻ.ഡി.എ മുന്നണി യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ. ജെ.ഡി.യു നേതാവ് നിതീഷ് കുമാറും തെലുങ്കു ദേശം പാർട്ടി പ്രസിഡന്റ് ചന്ദ്രബാബു നായിഡുവും യോഗത്തിൽ പ​ങ്കെടുക്കും.

മൂന്നാം മോദി മന്ത്രിസഭയിൽ മൂന്ന് കാബിനറ്റ് മന്ത്രിസ്ഥാനം ജെ.ഡി.യു ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആഭ്യന്തരമന്ത്രി പദത്തിൽ ടി.ഡി.പിക്ക് നോട്ടമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ശിവസേന ഏക്നാഥ് ഷി​ൻഡെ വിഭാഗം ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി ഒരു കാബിനറ്റ്, സഹമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ബി.ജെ.പിയെ അറിയിച്ചുവെന്നാണ് സൂചന
Previous Post Next Post

نموذج الاتصال