പാലക്കാട്: പാലക്കാടിന്റെ എംഎൽഎ ഷാഫി പറമ്പില്‍ വടകരയിൽ നിന്ന് വിജയിച്ചു കയറിയതോടെ എല്ലാവരും ആകാംഷയോടെ നോക്കുന്നത് പാലക്കാട് നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പാണ്. കോൺഗ്രസിന് മണ്ഡലം നിലനിർത്തേണ്ടത് അഭിമാനപ്രശ്നമാണ്. ബിജെപിയാണെങ്കിലോ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മികച്ചൊരു സ്ഥാനാർഥി വന്നാൽ ഉറപ്പായും ജയിക്കുമെന്നു ബിജെപി കരുതുന്നു. നിലവിൽ മൂന്നാം സ്ഥാനത്തുള്ള സിപിഎം സംഘടനാപരമായി ശക്തമല്ല. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമെല്ലാം സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു.
ഇന്നലത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പാലക്കാട് നിയസഭ മണ്ഡലത്തിൽ യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്ന കണക്കാണ് പുറത്ത് വന്നത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ വികെ ശ്രീകണ്ഠന്‍ വിജയിച്ചപ്പോള്‍ പാലക്കാട് നിയമസഭാ മണ്ഡലവും യുഡിഎഫിനോടൊപ്പമാണ് നിന്നത്. 9707 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്ന് ശ്രീകണ്ഠന് ലഭിച്ചത്. പാലക്കാട് നടന്ന കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന് 3859 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ആ ഫലത്തെ താരതമ്യം ചെയ്യുമ്പോള്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയേക്കാള്‍ 10000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്നു.
43072 വോട്ടുകളാണ് ബിജെപിക്ക് നിയോജക മണ്ഡലത്തില്‍ ലഭിച്ചത്. എല്‍ഡിഎഫിന് 34640 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇടത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കെത്താന്‍ ബിജെപിക്ക് കഴിഞ്ഞു