പട്ടാമ്പി: തിരുമിറ്റക്കോട് വീടിന്റെ ടെറസിന് മുകളിൽ കയറിക്കൂടിയ തെരുവുനായ വീട്ടുകാരനെയും മൂന്നുവയസ്സുകാരിയായ കൊച്ചുമകളെയും ആക്രമിച്ചു. ഭയന്നോടിയ കുഞ്ഞ് ടെറസിൽനിന്ന് താഴേക്കു വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ചരാവിലെ തിരുമിറ്റക്കോട് പഞ്ചായത്തിലെ പെരിങ്കന്നൂർ സുലൈമാൻ പടിയിലുള്ള മദ്രസ അധ്യാപകൻ മുണ്ടിലവളപ്പിൽ മുഹമ്മദ് സാദിഖിന്റെ വീട്ടിലാണ് സംഭവം. വീട്ടിലെ ടെറസിൽ വളർത്തുന്ന പച്ചക്കറിച്ചെടികൾക്ക് വെള്ളമൊഴിക്കാനാണ് സാദിഖ്, പേരക്കിടാവ് നൈശാ ഇശാലിനൊപ്പം എത്തിയത്. പച്ചക്കറിത്തൈകൾക്കിടയിൽ നിന്ന് അപ്രതീക്ഷിമായി തെരുവുനായ ഇവർക്കുനേരേ കുരച്ച് ചാടിയതായി സാദിഖ് പറഞ്ഞു. ഭയന്നോടിയ നൈശാ ഇശാൽ ടെറസിൽനിന്ന് താഴേക്ക് വീണു. പരിഭ്രാന്തരായ വീട്ടുകാരും അയൽവാസികളും ചേർന്ന് കുട്ടിയെ ഉടൻതന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെത്തിച്ചു. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് വീഴ്ചയിൽ കുട്ടിക്ക് കാര്യമായ മറ്റ് പരിക്കേൽക്കാതിരുന്നതെന്ന് സാദിഖ് പറയുന്നു.