ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരത്ത് തെരുവ് നായ്ക്കളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി മെഡിക്കൽ ഓഫീസർ എൻ.നവീൻ്റെ നേതൃത്വത്തിലാണ് പേവിഷ പ്രതിരോധ കുത്തിവയ്പ് യജ്ഞം നടക്കുന്നത്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞയാഴ്ച ആക്രമസ്വഭാവം കാണിച്ച തെരുവ് നായക്ക് പേവിഷ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ഭീതിയിലായിരുന്നു. ഈ നായ മറ്റു നായകളേയും കടിച്ചെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഈ തെരുവ് നായ ഏതെല്ലാം ഭാഗങ്ങളിലൂടെ സഞ്ചരിച്ചെന്നും, ഏതെല്ലാം നായകളേയാണ് കടിച്ചതെന്നും ഉറപ്പില്ലാത്തതിനാൽ എത്രയും വേഗം ഈ വിഷയത്തിൽ ഉചിതമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളും രംഗത്തെത്തിയിരുന്നു.
ഈ പശ്ചാത്തലത്തിൽ ആണ് മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിൽ പരിശീലനം നേടിയ പ്രവർത്തകരുടെ സഹായത്തോടെ തെരുവുനായ്ക്കളെ പിടിച്ച് കുത്തിവയ്പ്പ് നടത്തുന്നത്. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് സൗജന്യ വാക്സിനേഷന് മൃഗാശുപത്രിയിൽ സൗകര്യമുണ്ടെന്നും ഇവക്കെല്ലാം നിർബ്ബന്ധമായും കുത്തിവയ്പ്പ് എടുക്കണമെന്നും മൃഗാശുപത്രി മെഡിക്കൽ ഓഫീസർ അറിയിച്ചു.