കടമ്പഴിപ്പുറം: മണ്ണമ്പറ്റപാതയിൽ പള്ളിക്കുസമീപത്തെ ഫാൻസിക്കട കത്തിനശിച്ചു. ഓട്ടുപാറവീട്ടിൽ വീരാൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള ‘ഹയ’ സ്റ്റോറിലാണ് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ തീപ്പിടിത്തമുണ്ടായത്. വൈദ്യുതലൈനിലെ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ടുമുറികളിലായി പ്രവർത്തിക്കുന്ന കട പൂർണമായും കത്തിനശിച്ചു. തീ പടരുന്നത് കണ്ടയുടൻ വീരാൻകുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. വിവിധ രേഖകളും പണവുമടക്കം ഏഴുലക്ഷം രൂപയോളം നഷ്ടം സംഭവിച്ചുണ്ടെന്ന് വീരാൻകുട്ടി പറഞ്ഞു. മുകൾനിലയിൽ പ്രവർത്തിച്ചിരുന്ന വിജയരാഘവന്റെ തയ്യൽക്കടയിലേക്ക് തീ പടർന്നില്ല.
കോങ്ങാട്, മണ്ണാർക്കാട് അഗ്നിരക്ഷസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി അരമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. കോങ്ങാട് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ എൻ.കെ. ഷാജി, അസി. സേഫ്റ്റി ഓഫീസർ സി. മനോജ്, മണ്ണാർക്കാട് സ്‌റ്റേഷൻ ഓഫീസർ സജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷൻ എസ്.ഐ. കെ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി. കടമ്പഴിപ്പുറം കെ.എസ്.ഇ.ബി. ജീവനക്കാരുടെ സമയോജിതമായ ഇടപെടലുമുണ്ടായി.