അഗളി: പെറ്റമ്മ മരിച്ചതറിയാതെ അമ്മിഞ്ഞപ്പാലിനായി അവൻ അലമുറയിട്ട് കരയുമ്പോൾ അത് കേട്ട് സഹിക്കുവാൻ അവന്റെ പ്രായത്തിൽ കുരുന്നു മക്കളുള്ള ഒരമ്മക്കും ആവില്ല. ആ കാഴ്ച കണ്ടുനിൽക്കാൻ അമൃതയ്ക്കും കഴിഞ്ഞില്ല. നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാത്സല്യത്തോടെ പാലൂട്ടി. കുഞ്ഞ് സ്വന്തം അമ്മയുടെ നെഞ്ചിലെന്ന പോലെ അമൃതയുടെ ചൂടേറ്റു കിടന്നു. കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ മിഡിൽ ലവൽ സർവീസ് പ്രൊവൈഡറാണു ആ തങ്കമനസ്സ്
അട്ടപ്പാടി വണ്ടൻപാറയിൽ തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയ സന്ധ്യയുടെ (27) നാലു മാസം പ്രായമുള്ള മകൻ മിദർശാണു നിർത്താതെ കരഞ്ഞത്. നാലു മക്കളുടെ അമ്മയായ സന്ധ്യ ജീവനൊടുക്കിയ വിവരമറിഞ്ഞു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ആശാ വർക്കർക്കുമൊപ്പം ഔദ്യോഗിക ചുമതലയുമായി എത്തിയതാണ് അമൃത.
പനിയും വയറിളക്കവും കാരണം കോട്ടത്തറ ട്രൈബൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന കുഞ്ഞിനെ സംസ്കാര ചടങ്ങിനായാണ് കാരറ ദുണ്ടൂരിലേക്ക് കൊണ്ടുവന്നത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ കാരറ ജനകീയാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കൊപ്പമാണ് അമൃത എത്തിയത്. എട്ടുമാസം പ്രായമായ കുഞ്ഞുള്ള അമൃതയ്ക്ക്, അമ്മ നഷ്ടപ്പെട്ട കുരുന്നിന്റെ കരച്ചിൽ കണ്ടുനിൽക്കാനായില്ല. ബന്ധുക്കളുടെ അനുമതിയോടെ അമൃത കുഞ്ഞിന് പാലൂട്ടി. വിശപ്പുമാറിയതോടെ കുഞ്ഞ് കരച്ചിൽ നിർത്തിയപ്പോൾ കണ്ടുനിന്നവർക്കും ആശ്വാസമായി. വിശപ്പും ക്ഷീണവും മാറി ഉറങ്ങിയ മിദർശിനെ ബന്ധുക്കൾക്കു കൈമാറിയാണു മടങ്ങിയത്.