പാലക്കാട്: നിരവധി കേസുകളിൽ പ്രതിയായ ബ്ലാക്ക് മാനും കൂട്ടാളിയും പാലക്കാട്ട് പിടിയിൽ. തൃശ്ശൂർ കൊക്കാല റെയിൽവേസ്റ്റേഷന് സമീപമുള്ള ബ്ലാക്ക് മാൻ എന്ന നസീർ (50), കൊല്ലം ഇരവിപുരം ലക്ഷം വീട് ഗാന്ധിനഗർ ഡാനി (ഡാനിയൽ (44)) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്. സബ് ഇൻസ്പെക്ടർ ഉണ്ണിക്കൃഷ്ണനും സംഘവും താണാവ് ജങ്ഷനു സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടറിൽ വരികയായിരുന്ന രണ്ടുപേരും പിടിയിലായത്.
സ്കൂട്ടർ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ സീറ്റിനടിയിലുള്ള അറയിൽ മാരകായുധങ്ങൾ കാണപ്പെട്ടതിൽ സംശയം തോന്നി. ഈ വാഹനത്തിന്റെ ഉടമയെ ബന്ധപ്പെട്ടപ്പോൾ കൊടുങ്ങല്ലൂരിൽനിന്ന് മോഷണം പോയതാണ് സ്കൂട്ടറെന്ന് കണ്ടെത്തി.
പാലക്കാട് നഗരത്തിൽ വൻ കവർച്ച ആസൂത്രണം ചെയ്താണ് പ്രതികൾ വന്നത്. തൃശ്ശൂർ ജില്ലയിൽ നിരവധി കേസുകളിലെ പ്രതിയാണ് ബ്ലാക്ക് മാൻ എന്നറിയപ്പെടുന്ന നസീർ. ഡാനിയെന്ന ഡാനിയലിന്റെ പേരിൽ പത്തോളം കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എസ്.ഐ. രാജേഷ് എ.ബി.യുടെ നേതൃത്വത്തിൽ എസ്.ഐ. ഉണ്ണിക്കൃഷ്ണൻ, എസ്.സി.പി.ഒ.മാരായ സുജീഷ്, വിനോദ്, സി.പി.ഒ. സതീഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്