തൃശ്ശൂർ: പി.കെ. ശശിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അദ്ദേഹം നിലവിലെ ചുമതലകളിൽ അതുപോലെ തുടരും. നിലവിൽ പി.കെ ശശി ജില്ലാ കമ്മിറ്റി അംഗമാണെന്നും ഗോവിന്ദൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന വാർത്തയെക്കുറിച്ച് പി.കെ. ശശിയോടുതന്നെ ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
കെ.ടി.ഡി.സി. ചെയർമാൻസ്ഥാനം രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. രാജിവെക്കേണ്ടകാര്യമില്ല. പാർട്ടിക്കകത്തെ ശുദ്ധീകരണം തുടർച്ചയായ പ്രക്രിയയാണ്. ഇപ്പോൾ പി.കെ. ശശിക്കെതിരെ ഒരുനിലപാടും സ്വീകരിച്ചുകഴിഞ്ഞിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
പി.കെ. ശശിക്കെതിരായ നടപടിയെക്കുറിച്ച് താനറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷും പ്രതികരിച്ചു. ഇന്നലെ എന്താണ് തീരുമാനം ഉണ്ടായതെന്ന് താനറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടിസ്ഥാനങ്ങളിൽനിന്നും നീക്കാൻ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്. ഔദ്യോഗികമായി ഇത് പുറത്ത് വന്നിട്ടില്ല. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽനിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്ന ആരോപണങ്ങളാണ് ശശിക്കെതിരേ ഉയർന്നത്.