പാലക്കാട്: മദ്യലഹരിയിൽ മൊബൈൽ ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ആളെ ഒരുമണിക്കൂറിനുശേഷം ബലമായി താഴെയിറക്കി. കഞ്ചിക്കോട് പ്രിക്കോട്ട് കോളനി രാജീവ് നഗറിൽ കാർത്തികേയനാണ് (48) പുതുശ്ശേരിയിലെ മൊബൈൽ ടവറിനു മുകളിൽക്കയറിയത്. തന്നെ മർദിച്ചയാൾക്കെതിരേ പോലീസ് കേസെടുക്കണമെന്നതായിരുന്നു കാർത്തികേയന്റെ ആവശ്യം.
ഞായറാഴ്ച 12 മണിയോടെയാണ് സംഭവം. പുതുശ്ശേരി കൈലാസ് നഗറിലുള്ള ചുമട്ടുതൊഴിലാളി ക്ഷേമനിധിബോർഡ് ഓഫീസ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ടവറിലാണ് കാർത്തികേയൻ കയറിയത്. കടുത്തചൂടിൽ പ്രയാസപ്പെട്ട് ടവറിന് മുകളിലേക്ക് ഇയാൾ കയറുന്നതുകണ്ട സമീപവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന്, കസബ പോലീസും സ്റ്റേഷൻ ഓഫീസർ ബി. രാജേഷിന്റെ നേതൃത്വത്തിൽ കഞ്ചിക്കോട് അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി.
താഴെയിറങ്ങാൻ സേനാംഗങ്ങൾ പലതവണ ആവശ്യപ്പെട്ടെങ്കിലും കാർത്തികേയൻ കൂട്ടാക്കിയില്ല. തന്നെ മർദിച്ച ആൾക്കെതിരേ പോലീസ് കേസെടുത്താൽ മാത്രമേ താഴെയിറങ്ങൂ എന്നായി കാർത്തികേയൻ. പോലീസോ അഗ്നിരക്ഷാ ഉദ്യോഗസ്ഥരോ മുകളിലേക്ക് കയറിയാൽ താഴേക്ക് ചാടുമെന്നും ഇയാൾ വിളിച്ചുപറഞ്ഞു. ഇതോടെ ടവറിൽക്കയറാനുള്ള ശ്രമത്തിൽനിന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പിൻവാങ്ങി. മർദിച്ച ആൾക്കെതിരേ കേസെടുക്കുന്നകാര്യം പരിഗണിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞെങ്കിലും ഇതും ഫലിച്ചില്ല. കേസെടുത്തതിന് തെളിവ് കാണിക്കണമെന്നായി ഇയാൾ.