മണ്ണാര്‍ക്കാട് : വീട്ടിൽ ട്രെഡ്‌മിൽ സ്‌ഥാപിക്കാനെത്തി 20 ലക്ഷം രൂപ കവർന്ന കേസില്‍ ഒരാളെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കുമുറി ആമ്പല്ലൂര്‍ ഉടുവള്ളി വീട്ടില്‍ യു.ആര്‍ സുനിലി (53)നെയാണ് മണ്ണാര്‍ക്കാട് എസ്.ഐ. അജാസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 12നാണ് കേസിനാസ്പദമായ സംഭവം. തെങ്കര മണലടി മുണ്ടോടന്‍ വീട്ടില്‍ ഷെരീഫിന്റെ വീട്ടില്‍ നിന്നാണ് പണം നഷ്ടമായത്. വീടിന്റെ മുകൾ നിലയില്‍ ട്രെഡ്മിൽ സ്ഥാപിക്കുന്നതിന്റെ ജോലിക്ക് വന്ന സുനിലും, മറ്റൊരാളും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. സമയം കഴിഞ്ഞും ജോലിക്കാരെ കാണാത്തതിനെ തുടർന്ന് ഷരീഫ് വിളിച്ചപ്പോൾ അരമണിക്കൂറിനകം വരുമെന്നാണ് അറിയിച്ചത്. പറഞ്ഞ സമയം കഴിഞ്ഞും എത്താത്തതിനെ തുടർന്ന് വിളിച്ചപ്പോൾ നേരത്തെ പറഞ്ഞത് തന്നെ ആവർത്തിച്ചു. സംശയം തോന്നി അലമാരയിൽ നോക്കിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘം സുനിലിനെ പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ അഷ്‌റഫ്, സിവില്‍ പൊലിസ് ഓഫിസര്‍ റംഷാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു, കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി അന്വേഷണം നടന്നുവരുന്നതായി പൊലിസ് അറിയിച്ചു.