മണ്ണാർക്കാട്: വിദ്യാർത്ഥികളെ ചതിയിലൂടെ ലഹരി പദാർത്ഥങ്ങളുടെ അടിമകളാക്കി മാറ്റി, അവരുടെ ഭാവി നശിപ്പിക്കുന്ന മാഫിയ സംഘങ്ങളുടെ ശ്രമങ്ങൾ തടയാൻ മണ്ണാർക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എച്ച്ഡിഇപി ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. മണ്ണാർക്കാട് എക്സൈസുമായി സഹകരിച്ചാണ് ക്ലാസ്സുകൾ സംഘടിപ്പിക്കുക.
ലഹരി മാഫിയ സംഘങ്ങൾ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ ശക്തമാകുന്നു എന്ന പേടിപ്പെടുത്തുന്ന വാർത്തകൾ ദിനംപ്രതി കൂടി വരുന്നതിനാലാണ് ഭാവി തലമുറയുടെ സംരക്ഷണത്തിനായി ഹ്യൂമൻ ഡെവലപ്മെന്റ് ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ ഇത്തരമൊരു ദൗത്യവുമായി മുന്നോട്ട് വരുന്നത്. ലഹരിമാഫിയ ചതിയിലൂടേയും, മോഹന വാഗ്ദാനങ്ങൾ നൽകിയുമാണ് വിദ്യാർത്ഥികളെ അവരുടെ കണ്ണികളാക്കി മാറ്റുന്നത്.
ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ട് പോകുന്നത് വഴി ജീവിതം വളരെ മോശമായ നിലവാരത്തിലെത്തുകയും പിന്നീട് ആത്മഹത്യയിലേക്ക് വരെ അവരെ നയിക്കുകയും ചെയ്യുന്നു. മാത്രമല്ല നിരവധി ശാരീരിക - മാനസിക ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു .അത് പോലെ ലഹരിപദാർത്ഥങ്ങളുമായി പിടിക്കപ്പെട്ടാൽ ലഭിക്കുന്ന കടുത്ത ശിക്ഷയെക്കുറിച്ച് മിക്കവരും അജ്ഞരാണ്. ശരിയായ ബോധവൽക്കരണത്തിലൂടെ ഇവ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയും, കൂടാതെ തങ്ങളുടെ മക്കൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നും അതിൻ്റെ ലക്ഷണങ്ങൾ തിരിച്ചറിയുവാനും മാതാപിതാക്കൾക്ക് സഹായകകരമായ ക്ലാസുകൾ നൽകുകയും ചെയ്യുക എന്നതുമാണ് എച്ച് ഡി ഇപി ലക്ഷ്യം വെക്കുന്നതെന്ന് എച്ച്ഡിഇപി മാനേജിങ്ങ് ട്രസ്റ്റി അംഗങ്ങളായ അബ്ദുൽ ഹാദി അറയ്ക്കൽ, അൻവർ ചൂരിയോട് എന്നിവർ പറഞ്ഞു