എ.ഐ.വൈ.എഫ് നേതാവ് ഷാഹിനയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മണ്ണാർക്കാട്: എ.ഐ.വൈ.എഫ് നേതാവ് ഷാഹിനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും, മരണത്തിന് കാരണക്കാരനെന്ന് ആരോപിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മണ്ണാർക്കാട് പോലീസ് സ്റ്റേഷനു മുന്നിൽ സമരം. ഷാഹിനയുടെ ഭർത്താവ് മൈലംകോട്ടിൽ മുഹമ്മദ് സാദിഖും മക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് സമരം നടത്തിയത്.

എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ കഴിഞ്ഞ മാസമാണ്  വടക്കുമണ്ണത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന സാദിഖ് നാട്ടിലെത്തി മണ്ണാർക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഷാഹിനയുടെ മരണത്തിൽ പ്രദേശത്തെ ഒരു നേതാവിന് പങ്കുണ്ടെന്ന് ഇദ്ദേഹം പിന്നീട് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.

ആരോപണവിധേയനായ വ്യക്തിയെ സംരക്ഷിക്കാൻ ഉന്നതതലത്തിലുള്ള രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടോ, കേസ് ഫയൽചെയ്ത രസീതിന്റെ നമ്പറോ നൽകാൻ പോലീസ് തയ്യാറാകുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഷാഹിനയ്ക്കും കുട്ടികൾക്കും മാസംതോറുമുള്ള ചെലവിന്റെ തുക ബാങ്ക് അക്കൗണ്ടിലേക്കും ഷാഹിനയുടെ സ്ഥാപനത്തിലേക്കും വിദേശത്തായിരുന്നപ്പോൾ താൻ അയച്ചുകൊടുത്തതിന്റെ രേഖകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് സാദിഖ് പറഞ്ഞു. ചെലവിന് കൊടുത്തില്ലെന്നും താൻ മാനസികരോഗിയാണെന്നും ഒരു പാർട്ടിനേതാവ് പ്രസ്താവന നടത്തി. ഇക്കാര്യത്തിൽ ഇദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സാദിഖ് പറഞ്ഞു.

Post a Comment

Previous Post Next Post