മണ്ണാർക്കാട്: പയ്യനെടം കുളർമുണ്ടയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച മോഷ്ടാക്കളുടെ സംഘത്തിലെ ഒരാളെ നാട്ടുകാർ സാഹസികമായി പിടികൂടി പോലീസിൽ ഏൽപിച്ചു. ഇടുക്കി ചേലാമൂട് സ്വദേശി രാജേഷാണ് പിടിയിലായത്. നാലംഘ സംഘമാണ് മോഷ്ടിക്കാനെത്തിയത്. മോഷ്ടാവിനെ പിടികൂടുന്നതിനിടെ ഇയാളുടെ ആക്രമണത്തിൽ നാട്ടുകാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം.
വിദേശത്ത് ജോലി ചെയ്യുന്ന കുളർമുണ്ട പാവുക്കുന്നൽ ഷഫീക്കിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഷഫീക്കിന്റെ ഭാര്യയും കുട്ടികളും ബന്ധുവിന്റെ വീട്ടിലായിരുന്നു.വീടിന്റെ വാതിൽ പൊളിക്കുന്നതിനിടെ നാട്ടുകാർ വീടുവളഞ്ഞ് കള്ളനെ പിടികൂടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മോഷ്ടാവിനെ പിടികൂടുന്നതിനിടെ അയൽവാസികൾക്ക് പരുക്ക് പറ്റി. കയ്യിൽ കരുതിയിരുന്ന കമ്പിപ്പാര കൊണ്ട് ഇയാൾ നാട്ടുകാരെ ആക്രമിക്കാനും ശ്രമിച്ചു.ഇതിനിടെ മോഷ്ടാവിനും പരുക്കേറ്റു. ഗ്ലൗസ്, കമ്പിപ്പാര, മുഖം മൂടി എന്നിവ മോഷ്ടാവ് പ്രദേശത്ത് ഉപേക്ഷിച്ചിട്ടുണ്ട്. വാഹനത്തിലെത്തിയ മോഷ്ടാക്കളിൽ മൂന്നു പേർ രക്ഷപ്പെട്ടു. പിടികൂടിയയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.