അഗളി : അട്ടപ്പാടിയിൽ തുടർച്ചയായി രണ്ടാംദിവസവും കാട്ടാന ഷെഡ്ഡ് തകർത്തു. ഷെഡ്‌ഡിലുണ്ടായിരുന്ന ആദിവാസിയുവാവ് മരത്തിൽക്കയറിയാണ് രക്ഷപ്പെട്ടത്. ആനയെക്കണ്ട് പേടിച്ചോടിയ മറ്റൊരാൾക്ക് വീണ് പരിക്കേറ്റു. പാലൂർ തേക്കുപനയിൽ തിങ്കളാഴ്‌ചരാത്രി 10 മണിയോടെയാണ് സംഭവം. ജനവാസമേഖലയിറങ്ങിയ ഒറ്റയാന്റെ മുൻപിൽനിന്ന് ഓടിരക്ഷപ്പെടുന്നതിനിടയിൽ വീണാണ് മരുതന് (41) പരിക്കേറ്റത്.
പിന്നീട് ഊരിനുസമീപം കൃഷിസ്ഥലത്തെത്തിയ ഒറ്റയാൻ പണലിയുടെ ഷെഡ്‌ഡ് പൂർണമായി നശിപ്പിച്ചു. ഇറങ്ങിയോടിയ പണലി മരത്തിൽക്കയറി രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്‌ച പുലർച്ചെ ഷോളയൂർ തെക്കേ കടമ്പാറയിൽ നഞ്ചപ്പൻ്റെവീട് കാട്ടാന തകർത്തിരുന്നു. ആറംഗകുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അട്ടപ്പാടിയിൽ വിവിധ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാവുകയാണ്. കൃഷിനാശം തുടരുന്ന കാട്ടാനകൾ വീടുകളും തകർത്തതോടെ ഭീതിയിലാണ് അട്ടപ്പാടിക്കാർ