പി.വി.അൻവറിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ തളളി  മുഖ്യമന്ത്രി പിണറായി വിജയൻ. പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പിവി അൻവർ  ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ആദ്യ ദിവസം  വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. അൻവർ കോൺഗ്രസിൽ നിന്നും വന്നയാളാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.

പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കും. ഇവിടെ അൻവർ പരാതി തന്നു.  അദ്ദേഹം ഉയർത്തിയ പരാതിയിൽ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.  അന്വേഷണം നടക്കുകയാണ്. അന്വേഷണ ഭാഗമായി ഉചിതമായ നടപടി സ്വീകരിക്കും. ഒരു മുൻവിധിയോടെയും ഒന്നിനേയും സമീപിക്കുന്നില്ല. ആരോപണ വിധേയർ ആരെന്നതല്ല. ആരോപണം എന്തെന്നും അതിനുള്ള തെളിവുകളുമാണ് പ്രധാനം. നേരത്തെ എസ് പിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസുദ്യോഗസ്ഥൻ സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ സംസാരിച്ചത് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഒരു തെറ്റും പി ശശി ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

നിയമവിരുദ്ധമായി ഒന്നും ഇവിടെ നടക്കില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താൽ പി ശശിയെന്നല്ല, ആരും സീറ്റിൽ കാണില്ല. ആരോപണം വന്നതിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരെയും നടപടിയില്ല. അന്വേഷണ റിപ്പോർട്ടിൽ തെറ്റ് കണ്ടാൽ ആരും സംരക്ഷിക്കപ്പെടുകയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. ഡിജിപി എം ആര്‍ അജിത് കുമാറിനെ നിലവില്‍ മാറ്റില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിർ വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Previous Post Next Post

نموذج الاتصال