മണ്ണാർക്കാട്: കഴിഞ്ഞ ദിവസം മണ്ണാർക്കാട് ബിവറേജസിന് മുന്നിലുണ്ടായ കൊലപാതക സംഭവത്തിൽ കൊലപാതക കേസിലെ ഒന്നാം പ്രതി സാജനുമായി പോലീസ് തെളിവെടുപ്പ് നടത്തി. ബിവറേജസ് കെട്ടിടത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം ചെയ്ത വിധം പ്രതി പോലീസിന് വിവരിച്ചു നൽകി. മണ്ണാർക്കാട് സർക്കിൾ ഇൻസ്പെക്ടർ എം.ബി രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
സാജനെ ഇന്നലെ വീട്ടുപരിസരത്ത് നിന്നാണ് മണ്ണാർക്കാട് പൊലീസ് പിടികൂടിയത്. കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി ഗഫൂറിനെ കോടതി റിമാൻഡ് ചെയ്തു
ബുധനാഴ്ച വൈകിട്ടാണ് കോട്ടോപ്പാടം സ്വദേശി ഇർഷാദിനെ കുത്തിക്കൊന്നത്. മദ്യശാലയ്ക്കുമുന്നില്‍ കുടിവെള്ളം വില്‍പന നടത്തുന്നവർക്കൊപ്പം നില്‍ക്കുകയായിരുന്നു ഇർഷാദ്. ബൈക്കിലെത്തിയ പ്രതികള്‍ വെള്ളം വാങ്ങിയെങ്കിലും പണം കൊടുത്തില്ല. ഇത് ഇ൪ഷാദ് ചോദ്യം ചെയ്തു. വാക്കേറ്റം കയ്യാങ്കളിയായി. പ്രതികള്‍ കയ്യിലുണ്ടായിരുന്ന ബിയ൪ കുപ്പികൊണ്ട് ആദ്യം ഇ൪ഷാദിൻറെ തലയ്ക്കും പിന്നാലെ കഴുത്തിലേക്ക് കുത്തിയിറക്കുകയും ചെയ്തു. സാരമായി പരുക്കേറ്റ ഇർഷാദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയെങ്കിലും ഗഫൂറിനെ ഇന്നലെ രാത്രിയോടെ പിടികൂടി. കൂലിപ്പണിക്കാരനാണ് ഗഫൂർ. പണിക്ക് പോയി കിട്ടിയ തുക കൊണ്ട് മദ്യം വാങ്ങി കഴിക്കും. ഇതാണ് ശീലം. പതിവുപോലെ ഇന്നലെ സാജനൊപ്പം കൂടി മദ്യം വാങ്ങി. അതിനിടയിലാണ് കൊലപാതകം നടന്നത്. കൊലപാതക ശേഷം തനിക്കൊപ്പം വാഹനത്തില്‍ കയറാതെ സാജൻ നടന്നു പോയെന്നാണ് ഗഫൂറിൻറെ മൊഴി.
വീട്ടിലെത്തിയ ശേഷം കുളിച്ച് രക്തംപുരണ്ട വസ്ത്രം മാറി കോയമ്ബത്തൂരിലേക്ക് ബസ് കയറാനുള്ള ശ്രമത്തിനിടെയാണ് ഗഫൂറിനെ പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറായ സാജൻ പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
Tags
mannarkkad