കോട്ടയം: സാമ്പത്തിക തട്ടിപ്പു നടത്തിയശേഷം താൻ മരിച്ചെന്നു സ്വയം വാർത്ത നൽകി പരാതിക്കാരെയും പൊലീസിനെയും കബളിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. കോട്ടയം കുമാരനല്ലൂർ സ്വദേശി സജീവിനെ കൊടൈക്കനാലിൽ നിന്നാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. 2023 ൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കുമാരനല്ലൂർ ശാഖയിൽ നിന്ന് നാലരലക്ഷം രൂപയാണ് ഇയാൾ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തത്.
കുമാരനല്ലൂരിൽ താമസിച്ചിരുന്ന സജീവിന്‍റെ ആധാർ കാർഡിൽ എം.ആർ.സജീവ് എന്ന പേരും എറണാകുളം ഇടപ്പള്ളിയിലെ വിലാസവുമാണ്. മുക്കുപണ്ടം പണയംവച്ച് സ്വര്‍ണം തട്ടിയ കേസില്‍ കഴിഞ്ഞവർഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ ഇയാൾ മരിച്ചുപോയെന്നും ചെന്നൈയിലെ അടയാറിൽ സംസ്കാരം നടത്തിയതായും വിവരം ലഭിച്ചു. പത്രത്തിന്റെ ചരമവാർത്തകളുടെ പേജിൽ ഇയാളുടെ ഫോട്ടോ അടക്കം വാർത്തയും വന്നിരുന്നു. എന്നാല്‍ മരണവാർത്തയിൽ സംശയം തോന്നി പോലീസ് വീണ്ടും അന്വേഷണം നടത്തിയപ്പോഴാണ് പ്രതി ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായത്.
തമിഴ്നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. സജീവുമായി അടുപ്പമുള്ളവരുടെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് കൊടൈക്കനാലിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് സജീവിനെ പിടികൂടിയത്. ഇയാൾ വീട് പണയപ്പെടുത്തി ബാങ്കിൽ നിന്ന് വായ്പ എടുത്തതായും പിന്നീട് മറ്റുള്ളവർക്ക് ദീർഘകാലത്തേക്ക് ഒറ്റിക്ക് നൽകി പണം കൈപ്പറ്റിയതായും പരാതിക്കാർ പറയുന്നു. സമാനമായ രീതിയിൽ തമിഴ്നാട്ടിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്.
Tags
kerala