പാലക്കാട് : തമിഴ്‌നാട്ടിൽനിന്നു കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്ഫോടകവസ്‌തുശേഖരം വാളയാറിൽ പോലീസ് പിടികൂടി. 200 ബോക്സുകളിലായി 25,400 ജലാറ്റിൻ സ്റ്റിക്കുകളും, 12 ബോക്സുകളിലായി 1,500 ഡിറ്റണേറ്ററുകളുമാണ് വാളയാർ വട്ടപ്പാറയില്‍ വച്ച് വാളയാർ പോലീസ് പിടികൂടിയത്. പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ കോയമ്പത്തൂർ മീനാച്ചിപുരം, വലുക്കുപ്പാറ സ്വദേശി മണികണ്ഠനെ (29) അറസ്റ്റ് ചെയ്തു.
കേരളത്തിലെ മൂന്നു ജില്ലകളിലെ ക്വാറികളിലേക്ക് വേണ്ടിയാണ് സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് ലോറി ഡ്രൈവർ നല്‍കിയിരിക്കുന്ന പ്രാഥമിക മൊഴി. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലേക്ക് വേണ്ടിയാണ് സ്ഫോടകവസ്തുക്കള്‍ എത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കേരളത്തിലെ ക്വാറി ഉടമകളെയും അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.
Tags
palakkad