മലപ്പുറം: വിവാഹത്തിന് മൂന്നു ദിവസം മുമ്പ് മങ്കട പള്ളിപ്പുറത്തു നിന്ന് കാണാതായ പ്രതിശ്രുത വരൻ കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ (30) കണ്ടെത്തി. ഊട്ടിയിൽ നിന്നാണ് മലപ്പുറം പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ആറ് ദിവസം മുമ്പാണ് വിഷ്ണുജിത്തിനെ കാണാതായത്.
മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഈ മാസം എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണ്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയിരുന്നത്. വിഷ്ണുജിത്തിന്‍റെ സുഹൃത്ത് ശരത്തും അന്വേഷണസംഘത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പോയിരുന്നു. കഴിഞ്ഞ നാലിന് യുവാവ് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ബസ് കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു.