മണ്ണാർക്കാട്: തെങ്കര കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോൽപ്പാടം കോസ് വേക്ക് പകരം പുതിയ പാലമെന്ന നാടിന്റെ പ്രതീക്ഷകൾക്ക് കരുത്തേകി ജനപ്രതിനിധികളുടെയും അധികൃതരുടെയും ഇടപെടൽ. പൊതുമരാമത്ത് വകുപ്പിന്റെ ആദ്യഘട്ട പരിശോധനകൾ പൂർത്തിയായി. അതിർത്തിയിൽ കോൽപ്പാടത്തുള്ള ചപ്പാത്തിനു പകരമാണ് പാലം വരിക.
മാസങ്ങൾക്കുമുൻപ് എം.എൽ.എ.മാരായ എൻ. ഷംസുദ്ദീൻ, കെ. ശാന്തകുമാരി എന്നിവർ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകുകയും മന്ത്രിയെ കണ്ട് വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ്, പാലം നിർമാണത്തിനുള്ള നടപടികൾക്ക് ജീവൻവെച്ചത്.
നിലവിലുള്ള ചപ്പാത്ത് പൊളിച്ച് 52 മീറ്റർ നീളത്തിലും 9.75 മീറ്റർ വീതിയിലുമാണ് പുതിയപാലം നിർമിക്കുക. ഒരുഭാഗത്ത് നടപ്പാതയുമുണ്ടാകും. ആറുകോടിരൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുബന്ധ റോഡിനായി സ്ഥലമേറ്റെടുക്കേണ്ടതായുണ്ട്. ഇതിന്റെ ഭാഗമായി എം.എൽ.എ.മാരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ യോഗം ചേരുകയും സ്ഥലമേറ്റെടുപ്പിനുള്ള ചർച്ചകളും പൂർത്തിയാക്കുകയും ചെയ്തു. പാലത്തിന്റെ രൂപരേഖസംബന്ധിച്ചും ചർച്ചചെയ്തു. തെങ്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജൻ, പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
കാഞ്ഞിരപ്പുഴ ഭാഗത്തുള്ളവർക്ക് മണ്ണാർക്കാട്, തെങ്കര എന്നിവിടങ്ങളിലേക്കും തെങ്കര ഭാഗത്തുള്ളവർക്ക് കാഞ്ഞിരപ്പുഴ, തച്ചമ്പാറ, പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്കും പോകുന്നതിനുള്ള എളുപ്പമാർഗമാണ് വർഷങ്ങൾക്കുമുൻപ് നിർമിച്ച ഈ കോസ്‌വേ. ബസുകളടക്കം നിരവധി വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. ശക്തമായ മഴയുള്ളപ്പോൾ പുഴയിൽ ജലനിരപ്പുയർന്ന് കോസ്‌വേ മുങ്ങി ഗതാഗതം മുടങ്ങുന്നതും പതിവാണ്. ചപ്പാത്ത് പാലം പൊളിച്ച് കൈവരികളോടുകൂടിയ പുതിയ പാലം നിർമിക്കണമെന്നത് നാട്ടുകാരുടെ ആവശ്യമാണ്.