പരിസ്ഥിതിലോല മേഖല വിഷയത്തിൽ കർഷകർക്കൊപ്പമുണ്ടാകുമെന്ന് എംഎൽഎ

മണ്ണാർക്കാട്: കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോല മേഖലകൾ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പഞ്ചായത്ത് ജനപ്രതിനിധികൾ, കർഷക സംഘടന പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു. മണ്ണാർക്കാട് മണ്ഡലത്തിൽ ഏഴ് വില്ലേജുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ആറെണ്ണം അട്ടപ്പാടി ട്രൈബൽ താലൂക്കിലാണ്. മറ്റൊന്ന് തെങ്കര പഞ്ചായത്ത് പരിധിയിലാണ്. 

ഭൂപടത്തിൽ പരിസ്ഥിതിലോല മേഖലകൾ അല്ലാത്ത ഇടങ്ങളിലേക്ക് കൂടി വില്ലേജ് അതിർത്തികൾ കയറിവന്നിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു. പുതിയ വിജ്ഞാപനത്തിൽ ജനവാസമേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കണമെന്നും പഞ്ചായത്തുകൾ അന്തിമമായി നൽകിയ ഭൂപടങ്ങളാണ് അംഗീകരിക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ഭൂപടത്തിൽ വന്ന പിശകുകൾ ജില്ല കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം. ജനജീവിതവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ ഭൂപടം സമർപ്പിക്കുന്നത് അംഗീ കരിക്കാനാവില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണം. കർഷകർ ആശങ്കകൾ ബന്ധപ്പെട്ട പരിസ്ഥിതി വകുപ്പ് മേധാവി ജൂഡ് ഇമ്മാനുവേലുമായി ഓൺലൈൻ വഴി പങ്കുവെച്ചു. ഇപ്പോൾ കേന്ദ്രം നൽകിയിരിക്കുന്ന ഭൂപടം സംസ്ഥാന സർക്കാർ നൽകിയതല്ലെന്നും, സംസ്ഥാന സർക്കാർ പഞ്ചായത്തുകളുടെ സഹായത്തോടെ പൂർത്തിയാക്കുന്ന ഭൂപടം ഈ മാസം 13ന് കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ചുമതലപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തും. ആവശ്യമായ ഇടപെലുകളും നടത്തും. പരിസ്ഥിതിലോല മേഖല വിഷയത്തിൽ കർഷകർക്കൊപ്പമുണ്ടാകും. സാധ്യമായ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും നിതാന്ത ജാഗ്രത ആവശ്യമാണെന്നും എം.എൽ.എ. പറഞ്ഞു. നിർദ്ദിഷ്ട വില്ലേജുകളെ പൂർണമായും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കരുതെന്ന് എം.എൽ.എ പറഞ്ഞു. ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, വ്യാപാര മേഖലകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് മാറ്റി കൊടുക്കണം. എങ്കിലേ മലയോര മേഖലയിലെ ജീവിതം മുന്നോട്ടുപോകൂ. തെറ്റുകൾ തിരുത്തിയ ശേഷം പഞ്ചായത്തുകൾ അന്തിമമായി നൽകിയ ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചാൽ പ്രശ്നങ്ങളുണ്ടാകില്ല. യോഗത്തിൽ വിവിധ തദേശസ്ഥാപന ജനപ്രതി നിധികളായ എ. ഷൗക്കത്തലി, പി. രാമമൂർത്തി, മരുതി മുരുകൻ, ശ്രീലക്ഷ്മി ശ്രീകുമാർ, കർഷക സംഘടന പ്രതിനിധികളായ അഹമ്മദ് അഷ്റഫ്, ഫാ. സജി വട്ടുകുളം, സണ്ണി കിഴക്കേക്കര, സജി മെഴുകുംപാറ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post