പാലക്കാട്: കാനഡ, ന്യൂസീലൻഡ്, സെർബിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്കു വീസയും ഉയർന്ന ശമ്പളത്തോടെ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നു വൻതുക തട്ടിയെടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചക്കാന്തറ സ്വദേശി ദൃശ്യൻ കനോലി (33) ആണു പിടിയിലായത്.
വിദേശത്തു ജോലിക്കു ശ്രമിക്കുന്ന യുവാക്കളെ സ്വാധീനിച്ച് 5 മുതൽ 10 ലക്ഷം രൂപവരെ കൈക്കലാക്കുന്ന സംഘം 4 വർഷമായി സംസ്ഥാനത്തു പ്രവർത്തിക്കുന്നതായാണു വിവരം. സമൂഹ മാധ്യമങ്ങൾ വഴിയാണു തൊഴിലവസരം വാഗ്ദാനം ചെയ്യുന്നത്. പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് ഒട്ടേറെ തട്ടിപ്പുകൾ നടത്തിയതായാണു സൂചന. സംഘത്തിനായി അങ്കമാലി, ചാലക്കുടി, ആലുവ കേന്ദ്രീകരിച്ച് ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് കാടാങ്കോട്, കൊടുമ്പ് എന്നിവിടങ്ങളിൽ പ്രതികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചിട്ട നിലയിലാണ്.കൂട്ടു പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എഎസ്പി അശ്വതി ജിജി, ടൗൺ സൗത്ത് ഇൻസ്പെക്ടർ എ.ആദംഖാൻ, എസ്ഐമാരായ സി.ഐശ്വര്യ, കെ.ജെ.പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.