മണ്ണാർക്കാട്: കുന്തിപ്പുഴയിലെ തടയണക്ക് താഴെ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തി അടിഞ്ഞ മരം പൂർണമായും നീക്കാത്തത് വീണ്ടും തടസ്സങ്ങളും, കടവിൽ എത്തുന്നവർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. തടയണയ്ക്കു മുകളിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളും മരക്കൊമ്പിൽ തങ്ങിനിൽക്കുകയാണ്, മാത്രമല്ല കടവിൽ കുളിക്കാനിറങ്ങുന്നവരുടെ ശരീരത്തിൽ മരക്കൊമ്പുകൾ തട്ടി പരിക്കേൽക്കുന്നുണ്ടെന്നും പരാതിയുണ്ട്. കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് തടയണയ്ക്കുതാഴെയുള്ള ചെക്‌ഡാമിലാണ് കഴിഞ്ഞമാസം വൻമരം വന്നടിഞ്ഞത്.
മരത്തിന്റെ വേരുകൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്. നീളത്തിൽ വീണുകിടന്നിരുന്ന തടിയുടെ പകുതിഭാഗവും ഏതാനും മരക്കൊമ്പുകളും കഴിഞ്ഞമാസം അഗ്നിരക്ഷാസേനയെത്തി നീക്കിയിരുന്നു. ജലനിരപ്പ് കുറയുമ്പോൾ, അവശേഷിക്കുന്ന ഭാഗങ്ങളും മുറിച്ച് മരം പൂർണമായി നീക്കം ചെയ്യാമെന്നാണ് അധികൃതർ അന്ന് ഉറപ്പുനൽകിയത്. ഈ ഉറപ്പ് പാലിക്കാതെ അനന്തമായി നീളുന്നതായാണ് പരാതി. അലക്കാനും കുളിക്കാനുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ കൂടുതൽ ആശ്രയിക്കുന്നത് ചെക്‌ഡാമിലാണ്. ആഴംകുറവായതിനാൽ കുട്ടികൾ നീന്തിക്കളിക്കുന്ന ഭാഗംകൂടിയാണിത്. വെള്ളത്തിലിറങ്ങുമ്പോൾ വേരുകളും മറ്റും ശരീരത്തിൽത്തട്ടി മുറിവേൽക്കുന്നത് പതിവായിരിക്കുകയാണ്.
മഴക്കാലത്ത് പോലും നൂറുകണക്കിന് ആളുകളാണ് കുളിക്കാനും, തുണി അലക്കാനുമായും പോത്തൊഴിക്കാവ് തടയണയെ ആശ്രയിക്കുന്നത്. വേനൽക്കാലത്ത് ഈ സംഖ്യ ഏറെ വർധിക്കുന്നു. തടയണ നിർമ്മിക്കുമ്പോൾ അതിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുമെന്നു അധികൃതർ വാഗ്ദാനം ചെയ്തിരുന്നതായും, എന്നാൽ, അത് ഉദ്യോഗസ്ഥർ മറന്നതുപോലെ തോന്നുന്നതായും പ്രദേശവാസികൾ പറഞ്ഞു. ഇപ്പോൾ ചെളി, മണ്ണ്, മണൽ, കല്ല് തുടങ്ങിയവ അടിഞ്ഞ്, ഇവിടെ കുളിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതിനാൽ, അടിയന്തരമായി അധികൃതർ ഇടപെടുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും വേണമെന്ന് പോത്തൊഴിക്കാവ് കൂട്ടായ്മ ആവശ്യപ്പെട്ടു.