കശ്മീരിലെ പുൽവാമയ്ക്ക് സമീപം കഴിഞ്ഞ ചൊവ്വാഴ്ച്ച വനപ്രദേശത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വർമംകോട് കറുവാൻതൊടി മുഹമ്മദ് ഷാനിബി (27) ന്റെ മൃതദേഹം, ഇന്ന് (തിങ്കൾ) രാത്രി 7 മണിയോടെ കൂടി നെടുമ്പാശ്ശേരി എത്തുകയും, രാത്രി പത്ത് മണിക്ക് അരിപ്പനാഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കാഞ്ഞിരപ്പുഴ സ്വദേശിയായ ഷാനിബിനെ കശ്മീരിലെ പുൽവാമയ്ക്കടുത്ത വനപ്രദേശത്ത് മരിച്ചനിലയിൽ കണ്ടെത്തിയതായാണ് തൻമാർഗ് പോലീസ് അറിയിച്ചത്. ചൊവ്വാഴ്ച രാത്രി 7.45-ന് ഷാനിബിന്റെ ഉമ്മ ഹസീനയുടെ ഫോണിലേക്കാണ് സ്റ്റേഷനിൽനിന്ന് വിളിച്ചത്.
പഠിക്കാൻ സമർഥനായിരുന്നു ഷാനിബെന്ന് ബന്ധുക്കൾ പറഞ്ഞു. പൊറ്റശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പഠിച്ചത്. പത്താംതരത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും പ്ലസ്ടുവിന് 90 ശതമാനം മാർക്കുമുണ്ടായിരുന്നു. തുടർന്ന്, മഞ്ചേരിയിൽ എൻട്രൻസ് പരിശീലനത്തിനുപോയി. ഇവിടെ പഠിച്ചുകൊണ്ടിരിക്കെ ഷാനിബിന് മാനസികവെല്ലുവിളി നേരിട്ടതായി ബന്ധുക്കൾ പറയുന്നു. പഠനം പൂർത്തിയാക്കാതെ വീട്ടിലേക്കുവന്നു. രണ്ടുവർഷത്തോളം പലയിടങ്ങളിലായി ചികിത്സിച്ചു. ഇടയ്ക്കിടെ, ആരോടും പറയാതെ എങ്ങോട്ടെങ്കിലും പോകുന്നത് പതിവായിരുന്നു. ഒരുതവണ കൊടൈക്കനാലിൽ പോയി തിരിച്ചെത്തിയത് മൂന്നുദിവസം കഴിഞ്ഞാണ്. അധികവും വീട്ടിൽതന്നെയാകും. ചിലസമയങ്ങളിൽ അമ്മാവന്റെ മകൻ നവാസിന്റെ കൂടെ വയറിങ് ജോലിക്ക് പോകും. വീട്ടിൽത്തന്നെ ഇരിക്കുന്നതിനാൽ ജോലിക്ക് നിർബന്ധിച്ചുകൊണ്ടുപോകുകയാണ് ചെയ്യാറെന്ന് നവാസ് പറഞ്ഞു.
പിതാവും സഹോദരൻ ഷിഹാബും വിദേശത്തും സഹോദരി ബെംഗളൂരുവിലുമായതിനാൽ വർമംകോടുള്ള വീട്ടിൽ ഷാനിബും ഉമ്മയും ഉമ്മൂമ്മ ഖാദിയക്കുട്ടിയുമായിരുന്നു താമസം. ബെംഗളൂരുവിലേക്കെന്നുപറഞ്ഞ് ഷാനിബും പോയതോടെ മറ്റുള്ളവർ പാണ്ടിപ്പാടം രായൻതുരുത്തിയിലേക്കുള്ള തറവാട്ടുവീട്ടിലാണ് കഴിഞ്ഞിരുന്നത്.
Tags
mannarkkad