93 ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി

മണ്ണാർക്കാട് : പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ആനമൂളി പെട്രോൾ പമ്പിനടുത്തുള്ള ഗോഡൗണിൽ നിന്നാണ് മണ്ണാർക്കാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് 93 ചാക്ക് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് മണ്ണാർക്കാട് എസ്‌ഐ എ.കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പോലീസ് സ്ഥലത്തെത്തിയപ്പോൾ ഗേറ്റ് പൂട്ടിയിട്ടിരുന്നെങ്കിലും ഗോഡൗണിന്റെ പിൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു.  ഹാളിൽ അടുക്കിവെച്ച ചാക്കുകൾ പരിശോധിച്ചപ്പോൾ നിരോധിത പുകയില ഉത്പന്നത്തിന്റെ പാക്കറ്റുകൾ കണ്ടെത്തി. 100 വലിയപാക്കറ്റുകൾ അടങ്ങുന്ന 93 ചാക്കുകളാണുണ്ടായിരുന്നത്. ഓരോ പാക്കറ്റിലും 15 വീതം ചെറിയ പാക്കറ്റുകളും കണ്ടെത്തി. ആകെ 1.39 ലക്ഷം പായ്ക്കറ്റുകളാണ് ചാക്കുകളിലായുണ്ടായിരുന്നത്. കുന്തിപ്പുഴയിലുള്ള നമ്പിയത്ത് നൗഷാദ് (50) എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടമാണിതെന്നും ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കേസെടുത്തതായും പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരായ പ്രമോദ്, അഭിലാഷ്, വിനോദ്കുമാർ, ഗിരീഷ്, അശ്വതി എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി
Previous Post Next Post

نموذج الاتصال