ഒറ്റപ്പാലം: പ്ലാറ്റ്ഫോമില്ലാത്ത ഭാഗത്ത് നിർത്തിയ തീവണ്ടിയിലെ ലേഡീസ് കംപാർട്മെന്റിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് അമ്മയ്ക്കും മകൾക്കും പരിക്ക്. ലക്കിടി സീതാമന്ദിരത്തിൽ അനിത (38), മകൾ വൈഷ്ണവി (13) എന്നിവർക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട വൈഷ്ണവിയെയും കാൽമുട്ടിലും കൈയിലും പരിക്കേറ്റ അനിതയെയും ഉടൻതന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ സാരമായി പരിക്കേറ്റ വൈഷ്ണവിയെ വൈകീട്ടോടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. എഗ്‌മോർ എക്സ്പ്രസിൽ കോഴിക്കോട്ടുനിന്ന് ഒറ്റപ്പാലത്തേക്ക് വന്നതായിരുന്നു ഇവർ. ഏറ്റവും പിന്നിലായിരുന്നു ലേഡീസ് കംപാർട്മെന്റ്. തീവണ്ടി നിർത്തിയപ്പോൾ ഈ ഭാഗത്ത് പ്ലാറ്റ്ഫോം ഇല്ലാത്തതുകൊണ്ട് ഇവർക്ക് ഇറങ്ങാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, അടുത്ത സ്റ്റോപ്പ് പാലക്കാട്ടാണെന്നറിഞ്ഞതോടെ ഇരുവരും ഇറങ്ങാൻ ശ്രമിച്ചെന്നും പറഞ്ഞു. ഇതിനിടെ തീവണ്ടി മുന്നോട്ടെടുക്കുകയും ചെയ്തു. ഓണാവധിക്ക് കൽപ്പറ്റയിൽ അനിതയുടെ വീട്ടിൽപ്പോയി വരികയായിരുന്നു ഇരുവരും. പ്ലാറ്റ്ഫോം ഇല്ലാത്ത ഭാഗത്ത് തീവണ്ടി നിർത്തിയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും ഇത് ഗാർഡ് ശ്രദ്ധിക്കേണ്ടതായിരുന്നെന്നും യാത്രക്കാർ ആരോപിച്ചു.
ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് അമ്മയ്ക്കും മകൾക്കും പരിക്ക്
byഅഡ്മിൻ
-
0