ബെംഗളൂരു∙ 70 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി പാലക്കാട് സ്വദേശിയെ ബെംഗളൂരു പൊലീസ് പിടികൂടി. സച്ചിൻ തോമസിനെ(25) ആനേക്കലിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ കടന്നുകളഞ്ഞു. 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ എന്നിവയും പൊലീസ് ഇയാളിൽനിന്നു പിടികൂടിയിട്ടുണ്ട്. ഇവർ വാടകയ്ക്കു താമസിക്കുന്ന കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റ് പരിശോധിക്കാനെത്തിയ സിവിൽ എൻജിനീയർമാരെ കണ്ട് പൊലീസ് എന്നു തെറ്റിദ്ധരിച്ച് കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഒന്നാം നിലയിൽ നിന്നു താഴേക്കു ചാടിയ സച്ചിന്റെ കാലൊടിഞ്ഞു. എൻജിനീയർമാർ അറിയിച്ചിതിനെ തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശാഖപട്ടണത്തു നിന്നാണ് ലഹരി ഇവർ എത്തിച്ചിരുന്നത്. ഹംപിയും മറ്റും സന്ദർശിക്കുന്ന വിദേശികളാണ് പ്രധാന ഇടപാടുകാരെന്ന് സച്ചിൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്
160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ; പാലക്കാട് സ്വദേശി പിടിയിൽ
byഅഡ്മിൻ
-
0