ശിഹാബ് തങ്ങൾ മതേതരത്വത്തിന്റെ കാവലാൾ; കെ.മുരളീധരൻ

മണ്ണാർക്കാട്: മുസ്‌ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് നടന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സി.എച്ച്. മുഹമ്മദ്‌കോയ സ്മൃതി സദസ്സ് കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

മതേതരത്വത്തിന്റെ എക്കാലത്തെയും കാവലാളായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് മുരളീധരൻ പറഞ്ഞു. അങ്ങാടിപ്പുറം തളി ശിവ ക്ഷേത്രത്തിന്റെ  കവാടം സാമൂഹിക വിരുദ്ധർ തകർത്തപ്പോൾ ആദ്യം ഓടിയെത്തി വർഗീയ കലാപം ഒഴിവാക്കിയത് ശിഹാബ് തങ്ങൾ ആയിരുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. നാല് എം.എൽ.എ.മാർ വിജയിച്ചപ്പോൾ മലപ്പുറം ചുവന്നുവെന്നു പറഞ്ഞവർ, ചുവപ്പിക്കാൻ പോയവരുടെ സ്ഥിതി ഇന്നെന്താണെന്ന് അന്വേഷിക്കണമെന്ന് മുരളീധരൻ പറഞ്ഞു. ഒരാളെക്കൊണ്ട് പിണറായിയുടെ ഉറക്കംവരെ നഷ്ടപ്പെട്ടു. അവിടുത്തെ സ്വതന്ത്ര പരീക്ഷണം പരാജയപ്പെട്ടു എന്നാണ് ഇപ്പോഴുള്ള വിലയിരുത്തലെന്നും മുരളീധരൻ പറഞ്ഞു.

കുറ്റംചെയ്ത അഡീഷണൽ ഡി.ജി.പി.യെ മാറ്റിനിർത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും സ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലീം ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് ആലായൻ അധ്യക്ഷനായി. എൻ. ഷംസുദ്ദീൻ എം.എൽ.എ. അനുസ്മരണപ്രഭാഷണം നടത്തി. കളത്തിൽ അബ്ദുള്ള, ടി.എ. സലാം, പി. അഹമ്മദ് അഷറഫ്, വി. പ്രീത, അസീസ് ഭീമനാട്, ഹുസൈൻ കോളശ്ശേരി, കെ. ആലിപ്പു ഹാജി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post