അടിമാലി: കഞ്ചാവു വലിക്കാനുള്ള തിടുക്കത്തില്‍ ചുറ്റും പരതി, കണ്ടത് കുറെ പൊടിപിടിച്ച വണ്ടികള്‍ കിടക്കുന്ന വര്‍ക് ഷോപ്പ്, ആഹാ എങ്കില്‍ ഇവിടെത്തന്നെ കാണും തീപ്പെട്ടിയെന്നു കരുതി കയറിയതാ, കയറിക്കഴിഞ്ഞാണ് പണിപാളിയെന്ന് സ്കൂള്‍ കുട്ടികളറിഞ്ഞത്. ‘ചേട്ടാ തീപ്പെട്ടിയുണ്ടോ?’എന്ന ചോദ്യവുമായായിരുന്നു സംഘത്തിന്റെ വരവ്. മൂന്നാറിലേക്കു ടൂർ പോകുന്ന വഴിക്ക് കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി എത്തിയതായിരുന്നു എക്സൈസ് ഓഫീസില്‍.
അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിന്റെ പിൻവശത്തുകൂടി വന്നതുകൊണ്ട് ബോർഡ് കാണാൻ കഴിഞ്ഞില്ല. തൃശൂരിലെ സ്കൂളില്‍ നിന്നെത്തിയ വിദ്യാർത്ഥികളില്‍ ചിലരാണ് എക്സൈസിന്റെ കൈയ്യിലേക്ക് ചെന്ന് പെട്ടത്. മുറിക്കുള്ളില്‍ യൂണിഫോമിലുള്ളവരെ കണ്ടതോടെ ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി. സർക്കിള്‍ ഇൻസ്പെക്ടർ രാഗേഷ് ബി.ചിറയാത്തിന്റെ പരിശോധനയില്‍ ഒരു കുട്ടിയുടെ പക്കല്‍ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കയ്യില്‍നിന്ന് ഒരു ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുത്തു. കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നതുകണ്ട് വർക്‌ഷോപ്പാണെന്നു തെറ്റിദ്ധരിച്ചാണ് തങ്ങള്‍ ഇവിടെ കയറിയതെന്ന് കുട്ടികള്‍ പറഞ്ഞു. .കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ വിവരമറിയിക്കുകയും വിദ്യാർഥികള്‍ക്കു കൗണ്‍സലിങ് നല്‍കുകയും ചെയ്തു. അതോടൊപ്പം മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.