കൊല്ലം: കൊല്ലം ചിതറയില്‍ മോഷണക്കേസില്‍ ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍. ചിതറയില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച ഇന്‍സ്റ്റഗ്രാം താരം പിടിയില്‍. പിടിയിലായ മുബീന മോഷ്ടിച്ചത് പതിനേഴ് പവന്‍ സ്വര്‍ണമാണ്. ചിതറ ഭജനമഠം സ്വദേശിയാണ് പ്രതി. ചിതറ പൊലീസാണ് അന്വേഷണത്തിനൊടുവില്‍ മുബീനയെ കസ്റ്റഡിയിലെടുത്തത്. മുബീനയുടെ ഭര്‍തൃ സഹോദരി മുനീറയാണ് പരാതിക്കാരി. സെപ്റ്റംബറില്‍ മുബീനയുടെ ഭര്‍തൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയിരുന്നു. ആറ് പവനോളം വരുന്ന താലിമാല, ഒരു പവന്‍ വീതമുള്ള രണ്ട് മാല, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവയാണ് കാണാതായത്. എന്നാല്‍ മോഷണ വിവരം മുനീറ ഒക്ടോബറിലാണ് അറിഞ്ഞത്.
തുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇക്കാലയളവില്‍ മുനീറ മാത്രമാണ് പുറത്ത് നിന്ന് വന്നതെന്ന് മനസിലായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തില്‍ മുബീനയെ സംശയിക്കുന്നെന്നും മുനീറ പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ മുബീനയുടെ സുഹൃത്ത് അമാനിയും മുബീനയെ സംശയിക്കുന്നുവെന്ന് പറഞ്ഞ് മോഷണപരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു മുനീറയുടെ പരാതി വരുന്നത്. തുടര്‍ന്ന് പൊലീസ് മുബീനയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ആഡംബര ജീവിതം നയിക്കാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് മുബീന പൊലീസിനോട് പറഞ്ഞു.