പാലക്കാട് : ബസ് യാത്രയ്ക്കിടെ വനിതയുടെ ബാഗില്‍നിന്നും പഴ്സ് മോഷണം നടത്തി 12,900 രൂപ കവർന്ന സംഭവത്തില്‍ പൊള്ളാച്ചി സ്വദേശിനിയെ പുതുനഗരം പോലീസ് അറസ്റ്റുചെയ്തു. ചിത്ര(19)യെയാണ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ എട്ടിനു പാലക്കാട് - കൊല്ലങ്കോട് റൂട്ടിലോടുന്ന എസ്‌ആർടി ബസില്‍ യാത്രയ്ക്കിടെയാണ് പ്രതി പഴ്സ് മോഷണം നടത്തിയത്. പഴ്സില്‍ 2500 രൂപയും എടിഎം കാർഡും മറ്റു രേഖകളുമുണ്ടായിരുന്നു.
കിണാശേരി നെല്ലിക്കുന്നം സ്വദേശിനി ഗോപികയുടേതാണു പേഴ്സ്. എടിഎം കാർഡില്‍ പിൻനമ്പർ എഴുതിവച്ചിരുന്നു. ഈ നമ്പർ ഉപയോഗിച്ചു കൊടുവായൂരിലെ എടിഎം കൗണ്ടറില്‍നിന്നും 10,400 രൂപയും പ്രതി പിൻവലിച്ചിരുന്നു. ഗോപികയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ ചിത്രയെ സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്താകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. എസ്‌എച്ച്‌ഒ ഇൻസ്പെക്ടർ എസ്. രജീഷ്, എസ്‌ഐ ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റുചെയ്തത്.