പട്ടാമ്പി: കേസിൽനിന്ന് ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്കു കൊടുക്കാനെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വല്ലപ്പുഴ സ്വദേശിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. വല്ലപ്പുഴ പാളയങ്ങൽ വീട്ടിൽ അബ്ദുൾ അലിയെയാണ് (44) പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്.
2022-ലാണ് കേസിനാസ്പദമായ സംഭവം. വല്ലപ്പുഴ സ്വദേശിയായ വ്യാപാരിയുടെ പേരിൽ പട്ടാമ്പി പോലീസ് സ്റ്റേഷനിൽ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസുകൂടി വരുമെന്നും അതൊഴിവാക്കാൻ പല ഉദ്യോഗസ്ഥർക്കും പണം കൊടുക്കണമെന്നും പറഞ്ഞ് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്നാണു പരാതി. ആദ്യം രണ്ടുലക്ഷം രൂപയും പിന്നീട് പലതവണകളിലായി 15 ലക്ഷം രൂപയും തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ വ്യാപാരി പട്ടാമ്പി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ചതിനെത്തുടർന്ന് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയ്യുകയും അബ്ദുൾ അലിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.