മണ്ണാർക്കാട് : കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിദാൻ സൂപ്പർ ഹീറോ ആണ്. സിദാന്റെ സമയോചിത ഇടപെടൽ രണ്ട് വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാനായി. ഇന്നലെ രാവിലെയാണ് സംഭവം സ്കൂളിൽ പോകാൻ സുഹൃത്തുക്കളോടൊപ്പം ബസ് സ്റ്റോപ്പിൽ സ്കൂൾ ബസ് കാത്തു നിൽക്കുന്നതിനിടയിൽ തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ നിന്ന് അഞ്ചാം ക്ലാസുകാരൻ മുഹമ്മദ് റാജിഹിന് ഷോക്കേറ്റത്. അവനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴാം ക്ലാസുകാരൻ ഷഹജാസിനും നിസാരമായി പൊള്ളലേറ്റു. തികച്ചും അപ്രതീക്ഷിതമായ സംഭവത്തിൽ പതറാതെ തന്റെ ഉള്ളിലുള്ള അറിവ് വെച്ച് വളരെ അവസരോചിതമായി മുഹമ്മദ് സിദാൻ എന്ന പത്ത് വയസുകാരൻ അടുത്ത് കിടന്ന ഒരു വടി ഉപയോഗിച്ച് കൂട്ടുകാരെ രണ്ടുപേരെയും നിന്ന് രക്ഷപ്പെടുത്തി. സിദാന്റെ ഈ രക്ഷാ പ്രവർത്തനമാണ് കൂട്ടുകാർക്ക് രക്ഷയായത്. കോട്ടോപ്പാടം കൊടുവാളിപ്പുറം കല്ലായത്ത് വീട്ടിൽ ഉമ്മർ ഫാറൂഖിൻ്റെയും ഫാത്തിമത്ത് സുഹ്റയുടെയും മകനാണ് മുഹമ്മദ് സിദാൻ. മുത്തനിൽ സലീമിൻ്റെയും ഹസനത്തിൻ്റെയും മകൻ മുഹമ്മദ് റാജിഹും പൂവ്വത്തുംപറമ്പൻ യൂസഫിൻ്റെയും ജുസൈലയുടെയും ഷഹജാസും. രണ്ട് കുട്ടികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പിന്നീട് സംഭവമറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഹമ്മദ് സിദാനെ നേരിൽ വിളിച്ച് അഭിനന്ദിച്ചു. സ്കൂൾ പിടിഎയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. അനുമോദന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എം.പി. സാദിഖ്, ഹെഡ്മാസ്റ്റർ ശ്രീധരൻ പേരേഴി, മാനേജർ കല്ലടി റഷീദ്, സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ടി. അബ്ദുള്ള,സ്റ്റാഫ് സെക്രട്ടറി പി.ഗിരീഷ്, സീനിയർ അസിസ്റ്റന്റ് കെ.എസ്.മനോജ്,സീനിയർ അധ്യാപകൻ പി. മനോജ്, കെ.മൊയ്തുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
Tags
mannarkkad